കരിപ്പൂരിന്റെ ചരിത്രം ഫോട്ടോകളിലൂടെ
text_fieldsകോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന്റെ പിറവിക്ക് മുമ്പുതൊട്ടുള്ള ചരിത്രംപറയുന്ന ചിത്ര പ്രദർശനം തുടങ്ങി. മലബാർ ഡെവലപ്മെന്റ് ഫോറം ആഭിമുഖ്യത്തിൽ ഫോട്ടോഗ്രാഫർ പി. മുസ്തഫയുടെ ചിത്രങ്ങളാണ് കോഴിക്കോട് ആർട് ഗാലറിയിൽ പ്രദർശിപ്പിച്ചത്. കോഴിക്കോട്ട് ഒരു വിമാനത്താവളത്തിന് വേണ്ടിയുള്ള സമരം തൊട്ടുള്ള വിവിധ ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. കോഴിക്കോടിന് വിമാനത്താവളം എന്ന സ്വപ്നത്തിനുവേണ്ടി 1978ൽ ലോറിക്ക് മുകളിൽ കടലാസ് കൊണ്ടുള്ള വിമാനത്തിന്റെ രൂപവുമായി കല്ലായി റോഡിലൂടെ പോകുന്ന വാഹന ഘോഷയാത്രയുടെ ചിത്രത്തോടെയാണ് പ്രദർശനത്തിന്റെ തുടക്കം.
പഴയ കാലഘട്ടത്തിന്റെ ഓർമകൾ ഫോട്ടോകളിൽ കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. ഫോട്ടോകളിലെ പണ്ടുകാലത്തെ വാഹനങ്ങളും വസ്ത്രങ്ങളുമെല്ലാം ഓർമകളുണർത്തുന്നു. വിമാനത്താവളത്തിന് വേണ്ടിയുള്ള പണികളും പ്രദേശത്തെ ജനങ്ങളുടെ ഒത്തുകൂടലുമെല്ലാം പ്രദർശനത്തിനുണ്ട്. കരിപ്പൂരിന്റെ മണ്ണിലേക്ക് ആദ്യമായി പരീക്ഷണാർഥം പറന്നിറങ്ങുന്ന വിമാനത്തിന്റെ ദൃശ്യം അന്ന് കണ്ടുനിൽക്കുന്ന ജനങ്ങളുടെ ആകാംക്ഷയും കൗതുകവുമെല്ലാം കാണിക്കുന്നു.
ബോയിങ് വിമാനം പറന്നിറങ്ങുന്ന ചിത്രവും മലപ്പുറത്തുകാരായ അച്ഛനും മകനും കോക്പിറ്റിലിരിക്കുന്ന അപൂർവചിത്രവും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ ഓരോ വികസനവും അതിന്റെ ഉദ്ഘാടന ചടങ്ങുകളും എല്ലാമുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനത്തിന്റെ കാഴ്ചകളും വിദേശത്തേക്ക് യാത്രയാകുന്നവരുടെ വിലാപങ്ങളും തിരികെ എത്തുന്നവരുടെ സന്തോഷവും ഈ പ്രദർശനത്തിലുണ്ട്. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. എം.ഡി.എഫ് പ്രസിഡന്റ് കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. എം.പി. അഹമ്മദ് മുഖ്യാതിഥിയായി. 15ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.