ലോകായുക്തയെ ശാക്തീകരിച്ച ചരിത്രം യു.ഡി.എഫിന് -ഉമ്മന്‍ ചാണ്ടി
text_fieldsതിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ ലോകായുക്തയെ ദുര്‍ബലപ്പെടുത്തുമ്പോള്‍ ശാക്തീകരിച്ച ചരിത്രമാണ് യു.ഡി.എഫ് സര്‍ക്കാറിനുള്ളതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലോകായുക്തക്ക് കടിക്കാനുള്ള അധികാരം നല്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് യു.ഡി.എഫ് സര്‍ക്കാര്‍ ലോകായുക്തയെ ശാക്തീകരിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫ് സര്‍ക്കാര്‍ 2011 മെയ് 18ന് അധികാരമേറ്റ ഉടനേ ജൂണ്‍ 28ന് 117 സര്‍ക്കാര്‍ സ്ഥാപനങ്ങളെ ലോകായുക്തയുടെ പരിധിയില്‍ കൊണ്ടുവന്നതാണ് വിപ്ലവകരമായ മാറ്റം. അതുവരെ കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വല്‍ റിപ്രോഗ്രാഫിക് സെന്ററും ഐ.എച്ച്.ആർ.ഡിയും മാത്രമായിരുന്നു ലോകായുക്തയുടെ പരിധിയില്‍ ഉണ്ടായിരുന്നത്. ഐ.എച്ച്.ആർ.ഡിയെ വി.എസ് സര്‍ക്കര്‍ അധികാരം ഒഴിയുന്നതിനു തൊട്ടുമുമ്പ് 4.5.2011ല്‍ ഉള്‍പ്പെടുത്തിയത് പ്രത്യേക രാഷ്ട്രീയതാൽപര്യങ്ങളുടെ പേരിലാണ്.
ഇത്തരം നീക്കങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാറിന്റെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളെയും ഒറ്റയടിക്ക് ലോകായുക്തയുടെ പരിധിയിലാക്കിയത്. 1999ല്‍ ലോകായുക്ത രൂപീകരിച്ച ശേഷം നടത്തിയ ഏറ്റവും വലിയ ശാക്തീകരണ നടപടിയായിരുന്നു അതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ അഴിമതി സംബന്ധിച്ച ഇടതുപക്ഷത്തിന്റെ ഇതുവരെയുള്ള നിലപാടുകള്‍ പൊള്ളയായിരുന്നെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.