ആശുപത്രി ചികിത്സക്കിടെ എച്ച്.ഐ.വി ബാധിച്ച കുടുംബം ദുരിതത്തിൽ; മരണംകാത്ത് ഗൃഹനാഥനും
text_fieldsപീരുമേട്: കോട്ടയം മെഡിക്കൽ കോളജിൽ രക്തം സ്വീകരിച്ചതിനെ തുടർന്ന് എച്ച്.ഐ.വി ബാധിച്ച് മരിച്ച ഭാര്യക്ക് പിന്നാലെ ഭർത്താവ് ഗുരുതരാവസ്ഥയിൽ. തോട്ടം തൊഴിലാളി കുടുംബമാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയിൽ ശിഥിലമായത്. 2014ലായിരുന്നു ഭാര്യയുടെ മരണം. ഗർഭിണിയായ ഭാര്യക്ക് 2003ൽ രക്തസ്രാവം ഉണ്ടാകുകയും പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തുകയും വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയെ സമീപിക്കുകയുമായിരുന്നു. ഇവിടുത്തെ ബ്ലഡ് ബാങ്കിൽനിന്ന് സ്വീകരിച്ച രക്തമാണ് ജീവിതം തകർത്തത്.
രക്തം സ്വീകരിച്ച് മൂന്നുവർഷത്തിന് ശേഷമാണ് രോഗം കണ്ടെത്തിയത്. ഭാര്യയുടെ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഭർത്താവിെൻറ രക്തവും പോസിറ്റീവാെണന്ന് കണ്ടെത്തി. കുട്ടിയുടെ രക്തത്തിൽ രോഗബാധ കണ്ടെത്തിയില്ല. ഇവരുടെ കുഴപ്പംകൊണ്ടല്ലാതെ രോഗബാധയുണ്ടായത് ഭാര്യക്ക് മനോവിഭ്രാന്തി സൃഷ്ടിച്ചു. മനോരോഗത്തിനും ചികിത്സിക്കേണ്ടി വന്നു. 27ാം വയസ്സിൽ രോഗം ബാധിച്ച ഭാര്യ 37ാം വയസ്സിലാണ് മരണത്തിന് കീഴടങ്ങിയത്. 49 വയസ്സുള്ള ഭർത്താവും ഇപ്പോൾ അവശതയിലാണ്.
ഭാര്യ രോഗിയായ പശ്ചാത്തലത്തിലാണ് ഭർത്താവും രോഗത്തിെൻറ പിടിയിലായത്. കുട്ടികളുടെ പഠനചെലവിനും ഭക്ഷണത്തിനും വേണ്ടി അവശതയിലും ജോലിക്ക് പോകുന്നു. രോഗബാധിതരായ ഇവരെക്കുറിച്ച് നാട്ടുകാർക്ക് പൊതുവെ നല്ല അഭിപ്രായമാണ്. മറ്റ് മാർഗങ്ങളിലൂടെ രോഗം പിടികൂടാൻ സാധ്യതയില്ലാത്ത ഇവർ മെഡിക്കൽ കോളജിൽനിന്ന് മാത്രമേ രക്തം സ്വീകരിച്ചിട്ടുള്ളു. രക്തം സ്വീകരിച്ച് വർഷങ്ങൾക്കുശേഷം രോഗം കണ്ടെത്തിയതിനാൽ ആശുപത്രിയിൽനിന്നുള്ള രക്തത്തിൽനിന്നാണെന്ന് അംഗീകരിക്കാൻ ആശുപത്രി അധികൃതർ തയാറാകുന്നില്ല. മറ്റ് കാരണങ്ങൾ കണ്ടെത്താനുമായിട്ടില്ല. രോഗബാധയിൽ അവശനും മരണം ഏതുനിമിഷവും എത്തുമെന്ന ആശങ്കയും ഭർത്താവിനെ വേട്ടയാടുന്നു.
കുട്ടികളുടെ പഠനവും ഭക്ഷണവും തുടരാൻ സർക്കാർ സഹായം ഉണ്ടാകണമെന്നും ഇയാൾ അപേക്ഷിക്കുന്നു. തേൻറതല്ലാത്ത കാരണത്താൽ രോഗബാധിരായത് ജീവിതമാണ് തകർത്തതെന്നും പ്രതിസന്ധിയിൽ കരകയറാൻ സർക്കാർ സഹായം ആവശ്യമാണെന്നും ഇദ്ദേഹം പറയുന്നു. രോഗം മൂർഛിച്ച് നിൽക്കുന്നതിനാൽ മരണശേഷം കുട്ടികളുടെ അനാഥത്വവും ഇദ്ദേഹത്തെ വിഷമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.