എച്ച്.എൻ.എൽ: ടെൻഡർ സമർപ്പിച്ച് കിൻഫ്രയും സ്വകാര്യ കമ്പനിയും
text_fieldsകോട്ടയം: കേന്ദ്ര പൊതുമേഖല സ്ഥാപനമായ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡിനെ (എച്ച്.എൻ.എൽ) ഏറ്റെടുക്കാൻ കിൻഫ്രക്ക് പുറമെ പദ്ധതി രൂപരേഖയും ടെൻഡറും സമർപ്പിച്ച് സ്വകാര്യകമ്പനിയും. തിരുനെൽവേലി സൺ പേപ്പർ മില്ലാണ് ടെൻഡർ സമർപ്പിച്ചത്.
ഈ മാസം ഏഴ് ആയിരുന്നു അവസാന തീയതി. രൂപരേഖകളും ടെൻഡറും പരിശോധിച്ച് നാഷനൽ കമ്പനി നിയമട്രൈബ്യൂണൽ തീരുമാനമെടുക്കും. ഏറ്റവും മികച്ച പദ്ധതി സമർപ്പിക്കുന്ന കമ്പനിക്ക് ടെൻഡർ അനുവദിക്കും. എച്ച്.എൻ.എല്ലിെൻറ 692 ഏക്കറാണ് സ്വകാര്യകമ്പനികളെ ആകർഷിക്കുന്നതെങ്കിലും സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയതായതിനാൽ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയമ തടസ്സങ്ങളുണ്ട്.
കെ.എസ്.ഐ.ഡി.സി, മലബാർ സിമൻറ്സ്, കിൻഫ്ര, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് എന്നിവയും സ്വകാര്യഗ്രൂപ്പുകളായ സൺ പേപ്പർ മില്ലും മുംബൈ കമ്പനിയുമാണ് ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരുന്നത്. മൂന്ന് പൊതുമേഖല സ്ഥാപനങ്ങൾക്ക് പകരം, പദ്ധതി തയാറാക്കി സമർപ്പിക്കാൻ സംസ്ഥാന സർക്കാർ കിൻഫ്രയോട് നിർദേശിക്കുകയായിരുന്നു.
ഇതനുസരിച്ചാണ് ടെൻഡർ നൽകിയത്. 692 ൽ 300 ഏക്കറിലാണ് പ്ലാൻറ്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷൻ ലിമിറ്റഡ് (എച്ച്.പി.സി.എൽ) സബ്സിഡിയറിയാണ് എച്ച്.എൻ.എൽ. എച്ച്.പി.സി.എൽ നഷ്ടത്തിലായതോടെയാണ് എച്ച്.എൻ.എൽ വിൽപനക്ക് കളമൊരുങ്ങിയത്. എച്ച്.പി.സി.എൽ ഓഹരി 25കോടിയും 430 കോടിയുടെ ബാധ്യതയും ഏറ്റെടുക്കാനായിരുന്നു സർക്കാർ തീരുമാനം. ഇതിന് കമ്പനി നിയമ ട്രൈബ്യൂണൽ 90 ദിവസം അനുവദിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞതോടെയാണ് ലേലനടപടികളിലേക്ക് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.