ദേശീയപതാക തലകീഴായി ഉയർത്തിയ നടപടി: രണ്ട് പൊലീസുകാർക്കെതിരെ നടപടി
text_fieldsകാസർകോട്: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയപതാക തല കീഴായി ഉയർത്തിയ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പു തല നടപടി. ഗ്രേഡ് എസ്.ഐ നാരായണൻ, സിവിൽ പൊലീസ് ഓഫിസർ ബിജുമോൻ എന്നിവർക്കെതിരെയാണ് നടപടി. ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇരുവർക്കും വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. അന്വേഷണ റിപ്പോർട്ട് ജില്ല പൊലീസ് മേധാവി കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എമ്മിന് കൈമാറി. മന്ത്രി പതാക ഉയർത്തുന്നതിനു മുമ്പേ കയർ അഴിച്ചുകൊടുക്കുന്നയാൾക്കാണ് വീഴ്ചയെന്ന് റവന്യൂവകുപ്പും റിപ്പോർട്ട് നൽകി.
ഇരുവർക്കുമെതിരെ കൂടുതൽ അന്വേഷണം നടത്തിയശേഷം നടപടികൾ തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാവിലെ കാസർകോട് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലാണ് മന്ത്രി ദേശീയപതാക തലതിരിച്ച് ഉയർത്തിയത്. പതാക ഉയർത്തിയ ശേഷമാണ് പച്ച നിറം മുകളിലായി കണ്ടത്.
തുടർന്ന് പതാക ഇറക്കി ശരിയായ ദിശയിൽ കെട്ടിയ ശേഷം വീണ്ടും ഉയർത്തുകയായിരുന്നു. മാധ്യമ പ്രവർത്തകരാണ് പിഴവ് ചൂണ്ടിക്കാണിച്ചത്. പതാക ഉയർത്തി സല്യൂട്ട് ചെയ്യുന്ന വേളയിലൊന്നും തലകീഴായിപ്പോയ കാര്യം മന്ത്രിയോ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരോ ശ്രദ്ധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.