ആനത്തലവട്ടം ആനന്ദന് വിട
text_fieldsതിരുവനന്തപുരം: സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്‍റെ ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് 4.50 ന് ശാന്തികവാടത്തിൽ സംസ്കരിച്ചു. ആരോഗ്യ കാരണങ്ങളാൽ വ്യാഴാഴ്ച ഉച്ചക്കായിരുന്നു വിയോഗം. നേതാക്കളും അണികളും പ്രിയ നേതാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ശാന്തികവാടത്തിലെത്തി.
മൃതദേഹം വ്യാഴാഴ്ച രാത്രി എട്ടോടെ ചിറയിൻകീഴിലെ വീട്ടിലെത്തിച്ചു. ആബാലവൃദ്ധം അവിടെയെത്തി അന്ത്യോപചാരമർപ്പിച്ചു. രാവിലെ 9.20 ന് വീട്ടിൽനിന്ന് പുറപ്പെട്ട വിലാപയാത്ര 11ഓടെ എ.കെ.ജി സെന്ററിന് മുന്നിലെത്തി. വിവിധ രാഷ്ട്രീയ, ട്രേഡ് യൂനിയൻ നേതാക്കൾ ഉൾപ്പെടെ പതിനായിരങ്ങൾ ഇവിടെയെത്തി അന്ത്യോപചാരം അർപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻ സെൻ, മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻ പിള്ള, പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, വൈക്കം വിശ്വൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലൻ, എളമരം കരീം എം.പി, മന്ത്രിമാരായ കെ. രാധാകൃഷ്‌ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി, മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ, ബി.ജെ.പി നേതാവ് സി. ശിവൻകുട്ടി എന്നിവർ അന്ത്യോപചാരമർപ്പിച്ചു.
തുടർന്ന് ട്രേഡ് യൂനിയൻ ആസ്ഥാനമായ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി ഓഫിസിലായിരുന്നു പൊതുദർശനം. അവിടെ ട്രേഡ് യൂനിയൻ നേതാക്കൾ രക്തപതാക പുതപ്പിച്ചു. തുടർന്ന് സംസ്‌കാരത്തിനായി ശാന്തികവാടത്തിലേക്ക്. സംസ്‌കാരശേഷം മേട്ടുക്കടയിൽ അനുശോചന യോഗം ചേർന്നു. വിവിധ പാർട്ടികളുടെയും ട്രേഡ് യൂനിയനുകളുടെയും നേതാക്കൾ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.