ഐ.ജി ലക്ഷ്മണിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ്
text_fieldsതിരുവനന്തപുരം/കൊച്ചി: പുരാവസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനക്കേസിലെ മൂന്നാം പ്രതി ഐ.ജി ജി. ലക്ഷ്മണിനെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൈകോടതിയെ സമീപിച്ച ഐ.ജി ലക്ഷ്മൺ സര്‍ക്കാറിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെ, മുഖ്യമന്ത്രിയുടെ ഓഫിസിൽ ഭരണഘടനാതീതമായ ശക്തികൾ പ്രവർത്തിക്കുന്നുവെന്ന ആരോപണവുമായി ഹൈകോടതിയിൽ ഹരജി നൽകിയ ലക്ഷ്മണിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് നിയമസാധുത തേടി. സർവിസിലുള്ള ഉന്നത ഉദ്യോഗസ്ഥന്റെ നടപടി ഗുരുതര ചട്ടലംഘനമായാണ് ആഭ്യന്തരവകുപ്പ് കാണുന്നത്.
തിങ്കളാഴ്ച ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യാനും സസ്പെൻഷൻ ഉൾപ്പെടെ ശിക്ഷ നടപടി സ്വീകരിക്കാനുമാണ് നീക്കം. ജാമ്യം നൽകണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ലക്ഷ്മണിനെ വിട്ടയച്ചത്. ഒപ്പം ലക്ഷ്മൺ ഉൾപ്പെട്ട മറ്റ് ആരോപണങ്ങൾ അന്വേഷിച്ച് കേസെടുക്കാനും നീക്കമുണ്ട്. ആരോപണത്തിനപ്പുറം ഐ.ജി എന്തെങ്കിലും തെളിവ് നിരത്തുമോ എന്നതും നിർണായകമാണ്. പരാതിക്കാര്‍ മുഖ്യമന്ത്രിക്കു നല്കിയ പരാതിയിലോ മൊഴിയിലോ തന്റെ പേരു പറയുന്നില്ലെന്നും തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നും ഹൈകോടതിയിൽ നൽകിയ ഹരജിയില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ഹരജി ആഗസ്റ്റ് 18ന് വീണ്ടും പരിഗണിക്കും. ഈ സാഹചര്യത്തില്‍ ജി. ലക്ഷ്മൺ തിങ്കളാഴ്ച അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകില്ലെന്നും സൂചനയുണ്ട്.
മോൻസൺ കേസ് ആദ്യം വന്നപ്പോൾ ലക്ഷ്മൺ പ്രതിയായിരുന്നില്ല. എന്നിട്ടും സസ്പെൻഡ് ചെയ്തിരുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ പ്രതിയാക്കിയതിന് പിന്നാലെയാണ് ലക്ഷ്മണിനെ പ്രതിയാക്കിയത്. മോൻസണുമായി ബന്ധമുള്ള പൊലീസ് മുൻ മേധാവിക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടുമില്ല. തന്നെ ബോധപൂർവം പ്രതിയാക്കിയെന്ന് ആരോപണം ഉയർത്തിയ കെ. സുധാകരനും ഐ.ജിയുടെ ആരോപണം പിടിവള്ളിയാണ്.
കേസുകളിലെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതൻ ഇടപെടുന്നുവെന്ന ആരോപണം പ്രതിപക്ഷം നിരന്തരം ഉയർത്തുന്നതാണ്. പ്രതിപക്ഷത്തിനും ആയുധമാണ് ഐ.ജിയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.