എൻഡോസൾഫാൻ ദുരിതബാധിതർക്ക് വീട്: പട്ടയങ്ങൾ റദ്ദാക്കും
text_fieldsകാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്ക് വീട് നിർമിക്കുന്നതിന് അനുവദിച്ച പട്ടയങ്ങൾ റദ്ദാക്കും. പട്ടയം നൽകിയ സ്ഥലത്ത് വീട് നിർമിക്കാത്തതിനാലാണിത്. അതുപ്രകാരം അനുവദിച്ച പട്ടയങ്ങള്‍ റദ്ദുചെയ്ത ശേഷം പുതുതായി നിര്‍മിച്ച വീടുകള്‍ ഉള്‍പ്പെടുന്ന സ്ഥലത്തിന് പട്ടയം നല്കുന്ന നടപടി ആരംഭിച്ചിരിക്കുകയാണെന്ന് കലക്ടര്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ നടത്തിയ പരിശോധനയില്‍ സ്ഥലമോ വീടോ ഇല്ലാതിരുന്ന അപേക്ഷകരില്‍ അര്‍ഹരായ 42 കുടുംബങ്ങള്‍ക്ക് 2020 ജൂണ്‍ 10ന് സുതാര്യമായ നടപടിക്രമത്തിലൂടെ നറുക്കെടുപ്പ് നടത്തി ഭൂമി അനുവദിച്ചിരുന്നു. പുല്ലൂര്‍ വില്ലേജിലെ ഒമ്പത് കുടുംബങ്ങള്‍ക്ക് ഉള്‍പ്പെടെയാണിത്. ഇതില്‍ പുല്ലൂര്‍ വില്ലേജില്‍ ഏഴു കുടുംബങ്ങള്‍ മാത്രമാണ് വീട് ഏറ്റെടുക്കാന്‍ തയാറായത്. 2020 ജൂലൈ മൂന്നിന് ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ സ്പെഷല്‍ സെല്‍ യോഗം ഇത് അംഗീകരിച്ചിട്ടുള്ളതാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ആരെന്ന് തീരുമാനിക്കുന്നത് വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മന്ത്രി ഇ. ചന്ദ്രശേഖരന് അധ്യക്ഷനായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുള്ള സെല്‍ ആണ്. ഈ നടപടിക്രമങ്ങളുടെ ഭാഗമായി 6727 രോഗികളെയാണ് ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഈ പട്ടികയില്‍ ഉള്‍പ്പെടാത്ത വ്യക്തികള്‍ക്ക് പദ്ധതിയില്‍ ഭൂമിയോ വീടോ നല്കാന് നിയമപ്രകാരം കഴിയില്ല. സര്‍ക്കാര്‍ സദുദ്ദേശ്യത്തോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി മാത്രം നിജപ്പെടുത്തിയ ഈ പദ്ധതിയില്‍ ആര്‍ക്കെങ്കിലും ഭൂമിയും വീടും നല്‍കുന്നതിന് എന്‍ഡോസള്‍ഫാന്‍ സ്പെഷല്‍ സെല്‍ യോഗം തീരുമാനിക്കേണ്ടതുണ്ട്.
അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ നോട്ടീസ് നല്കിയ നടപടി നിയമപരമായും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കൊപ്പം നില്‍ക്കണമെന്ന സര്‍ക്കാര്‍ നിർദേശത്തിന് അനുസരിച്ചുള്ളതുമാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള അവകാശങ്ങള്‍ മറ്റുള്ളവര്‍ കവര്‍ന്നെടുക്കുന്നുവെന്ന് കഴിഞ്ഞ സെല്‍ യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ആയതിനാല്‍ തെറ്റായ പ്രചാരണത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്ന് കലക്ടര്‍ അഭ്യർഥിച്ചു.
ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെട്ട 6727 രോഗികളില്‍ ഏതെങ്കിലും ദുരിതബാധിതര്‍ക്ക് സ്ഥലമോ വീടോ നിലവില്‍ ലഭ്യമല്ലെങ്കില്‍ അവര്‍ക്ക് കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഡോസള്‍ഫാന്‍ സ്പെഷല്‍ സെല്ലില്‍ അപേക്ഷ നല്‍കാവുന്നതാണ്. നിര്‍മിച്ച ഭവനങ്ങള്‍ അര്‍ഹരായവര്‍ക്ക് നടപടിക്രമങ്ങള്‍ക്ക് വിധേയമായി അനുവദിക്കുന്നതാണെന്നും കലക്ടര്‍ അറിയിച്ചു.
'അടിയന്തര അന്വേഷണം വേണം'
കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്ക് വീട് നിർമിച്ചുനൽകിയതുമായി ബന്ധപ്പെട്ട് അടിയന്തര അന്വേഷണം വേണമെന്ന് എൻഡോസൾഫാൻ വിക്ടിം റെമഡിേയഷൻ സെൽ മെംബർ കെ.ബി. മുഹമ്മദ് കുഞ്ഞി ആവശ്യപ്പെട്ടു. പുല്ലൂർ പെരിയയിൽ സത്യസായി ട്രസ്റ്റ് നിർമിച്ച 36 വീടുകളാണ് കലക്ടർ മുഖേന നറുക്കെടുത്ത് ജില്ല സെൽ അംഗീകരിച്ച് താക്കോൽ കൈമാറിയത്.
ബാക്കിയുള്ള വീടുകളും താമസം തുടങ്ങാത്ത വീടുകളും ഒഴിഞ്ഞുകിടക്കുന്നു. കൂടാതെ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ എന്മകജെയിൽ നിർമിച്ച വീടുകളും ഒഴിഞ്ഞുകിടക്കുന്നു. സായി ട്രസ്റ്റ് നിർമിച്ച ഒഴിവുള്ള വീടുകൾ ചിലത് അനർഹർ പണം കൊടുത്ത് സ്വന്തമാക്കിയെന്ന് ആരോപണമുണ്ട്. സാമൂഹിക പ്രവർത്തകർ ഒരു വീട്ടിൽ ഓഫിസ് പ്രവർത്തനം തുടങ്ങിയെന്നും ആക്ഷേപമുണ്ട്.
എൻഡോസൾഫാൻ റെമഡിയേഷൻ സെൽ നോക്കുകുത്തിയാണ്. വീടു നിർമിച്ചുനൽകാൻ തയാറായ സ്ഥാപനങ്ങൾക്ക് റവന്യൂ ഭൂമി നൽകാൻ സെൽ യോഗമാണ് സർക്കാറിനെ അറിയിച്ചത്. അതിനാൽ ഇവിടെ നിർമിച്ച വീട് നൽകാനുള്ള അധികാരവും സെല്ലിനാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.