അപകടത്തിൽ ഒറ്റപ്പെട്ട കുഞ്ഞിന് തുണയായി ഹോം ഗാർഡ്
text_fieldsകായംകുളം: അപകടത്തിൽപെട്ടവർ ആശുപത്രിയിലായപ്പോൾ ഒറ്റപ്പെട്ട് പോയ കുഞ്ഞിന് തുണയായ ഹോം ഗാർഡിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
ദേശീയപാതയിൽ രാമപുരത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ച് കയറിയുള്ള അപകടത്തിൽപെട്ട കുഞ്ഞിനാണ് കായംകുളം പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് കെ.എസ്. സുരേഷ് (49) തുണയായത്. തിരുച്ചിറപ്പള്ളി ചിറയ്ക്കൽ വീട്ടിൽ ഡെന്നി വർഗീസിെൻറ മകൾ ഇസയാണ് (ഏഴു മാസം) സുരേഷിെൻറ താരാട്ടുപാട്ടിൽ സങ്കടമടക്കിയത്.
തിങ്കളാഴ്ച പുലർച്ച രണ്ടരയോടെ ദേശീയപാതയിൽ രാമപുരത്ത് നടന്ന അപകടത്തിൽ ഇസയുടെ സഹോദരി ഒന്നര വയസ്സുകാരി സൈറ മരിച്ചിരുന്നു. മാതാവ് മിന്ന (28) അടക്കമുള്ളവർക്ക് സാരമായ പരിക്കുമേറ്റിരുന്നു. പരിക്കേറ്റ ഇസ, മിന്ന, മാതാവ് ആനി (55) എന്നിവരെ കായംകുളം ഗവ. ആശുപത്രിലും മിന്നയുടെ സഹോദരൻ മിഥുനെ ആലപ്പുഴ മെഡിക്കൽ കോളജിലേക്കുമാണ് കൊണ്ടുപോയത്.
അമ്മയെയും മുത്തശ്ശിയെയും കായംകുളത്തുനിന്ന് മെഡിക്കൽ കോളജിലേക്ക് അടിയന്തരമായി മാറ്റിയതോടെ കുഞ്ഞിനെ സുരേഷ് ഏറ്റെടുക്കുകയായിരുന്നു.
പുലർച്ച ബന്ധുക്കൾ എത്തുന്നതുവരെ ഒക്കത്തുനിന്ന് മാറ്റാതെ ആശുപത്രി വളപ്പിലാകെ കൊണ്ടുനടന്നാണ് കുഞ്ഞിെൻറ കരച്ചിൽ മാറ്റിയത്.
ഇൗ സമയം ആരോ പകർത്തിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. കറ്റാനം കട്ടച്ചിറ അജയഭവനത്തിൽ സുരേഷ് നാലു വർഷം മുമ്പാണ് പൊലീസിനൊപ്പം ഹോം ഗാർഡായി സേവനത്തിന് എത്തുന്നത്. ആശുപത്രി എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിക്കിടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏർപ്പെടാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.