മാരകായുധങ്ങളുമായി വീടുകയറി ആക്രമണം; കൊലക്കേസ് പ്രതി അടക്കം മൂന്നു പേർ പിടിയിൽ
text_fieldsതിരുവല്ല: തിരുവല്ലയിലെ പരുമല തിക്കപ്പുഴയിൽ മാരകായുധങ്ങളുമായി വീടുകയറി ആക്രമണം നടത്താൻ എത്തി പൊലീസിന് നേരെയടക്കം വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ കൊലക്കേസ് പ്രതിയായ ഗുണ്ടാ തലവൻ അടക്കം മൂന്ന് പേർ പുളിക്കീഴ് പിടിയിലായി. പ്രതികളെ കീഴ്പ്പെടുത്തതിനിടെ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ഗുണ്ടാ തലവനും ചങ്ങനാശ്ശേരി തൃക്കൊടിത്താനം മാമ്മൂട് പനത്തിൽ വീട്ടിൽ നിബിൻ ജോസഫ് (35), ചങ്ങനാശ്ശേരി ഫാത്തിമാപുരം അമ്പാട്ട് വീട്ടിൽ ആർ. കണ്ണൻ (27), ചങ്ങനാശ്ശേരി ഫാത്തിമപുരം പുതുപ്പറമ്പിൽ വീട്ടിൽ അൻസൽ റഹ്മാൻ (25) പിടിയിലായത്. പുളിക്കീഴ് സ്റ്റേഷനിലെ സി.പി.ഒമാരായ സന്ദീപ്, അനൂപ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ (ഞായറാഴ്ച) വൈകിട്ട് നാലുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തിക്കപ്പുഴ മലയിൽ തോപ്പിൽ വീട്ടിൽ ജയന്റെ വീടുകയറി നടത്തിയ ആക്രമണത്തിലെ പ്രതികളാണ് പിടിയിലായത്. ഒന്നാം പ്രതി നിബിനെ സംഭവസ്ഥലത്തു വെച്ച് തന്നെ പൊലീസ് പിടികൂടിയിരുന്നു. മറ്റ് രണ്ട് പ്രതികളായ കണ്ണനും അൻസലും ഇന്നലെ അർധരാത്രിയോടെയാണ് പിടിയിലായത്. കേസിലെ ഒന്നാംപ്രതി നിബിൻ ജോസഫും കടപ്ര വളഞ്ഞവട്ടം സ്വദേശി നിഷാദും ചേർന്ന് മാന്നാർ, കടപ്ര ഭാഗത്ത് നടത്തിയിരുന്ന കഞ്ചാവ് വിൽപന സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ഒറ്റുനൽകിയതിന്റെ പേരിൽ ജയന്റെ മകൻ ജയസൂര്യമായി ഒന്നാംപ്രതി നിബിന് ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഞ്ചാവ് വിൽപന സംബന്ധിച്ച വിവരങ്ങൾ പൊലീസിന് കൈമാറിയതിന്റെ പേരിൽ മൂന്നാഴ്ച മുമ്പ് രാത്രി 10 മണിയോടെ കടപ്ര ഗ്രാൻഡ് മാളിൽ പ്രവർത്തിക്കുന്ന ആശിർവാദ് സിനിമാസിൽ സിനിമ കാണാനെത്തിയ ജയസൂര്യയെയും സുഹൃത്തുക്കളായ ശ്രീഹരി, ആദിത്യൻ എന്നിവരെ നിഷാദും ചെങ്ങന്നൂർ സ്വദേശി സുജിത്ത് കൃഷ്ണനും ചേർന്ന് തീയറ്ററിന്റെ പാർക്കിങ് ഏരിയയിൽ വച്ച് വടിവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചിരുന്നു. സംഭവത്തിൽ പിടിയിലായ ഇരുവരും റിമാൻഡിൽ കഴിയുകയാണ്.
ഇതിനിടെയാണ് നിഷാദിന്റെ സുഹൃത്തും ഗുണ്ടാ തലവനുമായ നിബിൻ ജോസഫും സംഘവും ചേർന്ന് ജയസൂര്യയെ വീട് കയറി ആക്രമിച്ചത്. 2016ൽ സംഘം ചേർന്ന് നടത്തിയ ചങ്ങനാശ്ശേരി സ്വദേശിനിയായ റിട്ട. അധ്യാപികയെ തക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് പിടിയിലായ നിബിൻ ജോസഫ്. കൂടാതെ, കോട്ടയം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിബിനും കേസിലെ രണ്ടാംപ്രതി കണ്ണനും എതിരെ വധശ്രമം, വീട് കയറി ആക്രമണം, പിടിച്ചു പറി, അടിപിടി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.