ഹോം ഐസൊലേഷൻ; സർക്കാറിന് മുന്നിൽ കടമ്പകളേറെ
text_fieldsകൊച്ചി: ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരെയും ചെറിയലക്ഷണങ്ങള്‍ ഉള്ളവരെയും വീട്ടില്‍ത്തന്നെ ഐസൊലേഷനില്‍ കഴിയാന്‍ അനുവദിക്കാമെന്ന സർക്കാർ നിർദേശത്തിന് വെല്ലുവിളികളേറെ.
ഹോം ക്വാറൻറീൻ മാതൃകയിൽ നടപ്പാക്കുന്ന ഹോം ഐസോലേഷൻ വഴി വലിയൊരുബാധ്യതയിൽ നിന്ന് സർക്കാറിന് ഒഴിയാനാകുമെങ്കിലും ആരോഗ്യ സംവിധാനങ്ങളുടെ പരിമിതികൾ ചോദ്യചിഹ്നമാകും.
24 മണിക്കൂറും വീട്ടില്‍ പരിചരിക്കാന്‍ ആളുണ്ടാകണം, രോഗിയിൽനിന്ന് സത്യവാങ്മൂലം വാങ്ങണം ഉൾപ്പെടെ വ്യവസ്ഥകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിെൻറ മാർഗനിർദേശത്തിലുള്ളത്. ഇത് പിൻപറ്റിയാണ് കേരളം മാർഗനിർദേശം പുറപ്പെടുവിക്കുക.
രോഗബാധിതരുടെ വീടുകളിൽ എല്ലാദിവസവും ആരോഗ്യപ്രവർത്തകർ എത്തണം, ആംബുലൻസ് സേവനം ഏതുസമയവും ലഭ്യമാകണം, ഐസൊലേഷനിൽ നിരീക്ഷണം വേണം, ഈകാലയളവിൽ ഓരോ വീടിനും അവശ്യ സാധനങ്ങൾ എത്തിക്കണം, ഇവരെ അയൽവാസികൾ ഒറ്റപ്പെടുത്താതെ ശ്രദ്ധിക്കണം, വീട്ടിലുള്ളവർ 14 ദിവസം കഴിയുന്നുണ്ടോയെന്ന് നിരീക്ഷിക്കണം തുടങ്ങിയവ ഹോം െഎസൊലേഷനിൽ വലിയ പ്രതിസന്ധികളാണ്.
പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം, ശ്വാസകോശ- കരള്‍- വൃക്ക രോഗം, തലച്ചോര്‍ സംബന്ധമായ അസുഖങ്ങളുള്ള അറുപതിനുമേല്‍ പ്രായമുള്ള രോഗികളുടെ കാര്യത്തിലും ആശങ്കയാണ്. കോവിഡ് പോസിറ്റിവ് ആകുന്ന 40 ശതമാനം പേരും ഇത്തരത്തിൽ ചികിത്സ തേടുന്നവരാണ്.
വീട്ടിലുള്ള പ്രായമായവരും കുഞ്ഞുങ്ങളുമായി രോഗി സമ്പർക്കത്തിൽ വരാൻ പാടില്ലെന്നാണ് നിബന്ധന. ഇത് എത്രത്തോളം സുരക്ഷിതമാകുമെന്നതിൽ സംശയം ബാക്കി.
എന്നാൽ, പ്രത്യേക കോള്‍സെൻറര്‍ അടക്കമുള്ള സൗകര്യങ്ങളോടെ പല രാഷ്ട്രങ്ങളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും നടപ്പാക്കുന്നതുപോലെ സുസജ്ജമായ രീതി അവലംബിക്കുകയാണെങ്കിൽ രോഗികൾക്ക് ഗുണകരമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.