നേരമുണ്ടേൽ നല്ല കോളുമുണ്ട്
text_fieldsദിവസം രണ്ടു മണിക്കൂർ മാറ്റിവെച്ചാൽ വീട്ടുചെലവിെൻറ പകുതി കുറക്കാം. എങ്ങനെയെന്നല്ലേ, മത്സ്യവും പച്ചക്കറിയുമെല്ലാം വളർത്തിയാണത്. സമയവും അധ്വാനിക്കാനുള്ള മനസ്സും മതി. വാള, അനാബസ് എന്നിവയാണ് തുടക്കക്കാർക്ക് നല്ലത്. തിലാപ്പിയയും നന്ന്. നല്ല വിളവ് ലഭിക്കും. മത്സ്യകൃഷി പരിചയിച്ചാൽ കരിമീനും വളർത്താം.
വീട്ടാവശ്യത്തിനുള്ള മത്സ്യക്കുളത്തിന് ഒരു സെൻറ് സ്ഥലമേ വേണ്ടൂ. രണ്ടര മീറ്റർ വീതി, മൂന്നര മീറ്റർ നീളം, ഒരു മീറ്റർ ആഴം വേണം. മൂന്നു വരി ഭിത്തി. 200 ജി.എസ്.എം കട്ടിയുള്ള താർപോളിൻ ഉപയോഗിച്ച് കുളത്തിൽ വെള്ളം നിറക്കാം.
കോൺക്രീറ്റ് ചെയ്ത് വൃത്തിയാക്കിയും ഉപയോഗിക്കാം. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുംമുമ്പ് കുളത്തിൽ രണ്ടു മൂന്നുവട്ടം വെള്ളം മാറ്റണം. ഒരു ചതുരശ്ര അടിക്ക് ഒന്ന് എന്ന നിലയിൽ മത്സ്യം നിക്ഷേപിക്കാം. പകുതി വിരൽ വലുപ്പമുള്ള കുഞ്ഞുങ്ങളാണ് വേണ്ടത്.
മീൻതീറ്റയേ നൽകാവൂ. അഞ്ചു മിനിറ്റിൽ തിന്നുതീരുന്ന തീറ്റകളേ നൽകാവൂ. ഇല്ലെങ്കിൽ വെള്ളത്തിലെ ഒാക്സിജൻ അളവ് തെറ്റാം. കൂടുതലായാൽ വെള്ളത്തിൽ അമോണിയ രൂപപ്പെടും. ഇത് മീനിന് ദോഷമാണ്. രണ്ടു ദിവസം കൂടുേമ്പാൾ 10 സെൻറിമീറ്റർ വീതം വെള്ളം വീണ്ടും നിറച്ച് അമോണിയ കുറക്കണം. വെള്ളം കേടായാൽ ഉടൻ മാറ്റണം. ആറുമാസം കൂടുേമ്പാൾ വിളവെടുക്കാം. ആവശ്യത്തിന് അനുസരിച്ച് വിളവെടുക്കാം.
മത്സ്യകൃഷിക്കൊപ്പം പച്ചക്കറിയും ഉൽപാദിപ്പിക്കാം. ചെറിയ അടുക്കളത്തോട്ടം മതി. പയർ, തക്കാളി, വഴുതന, വെണ്ട, മുളക്, മത്തൻ, കുമ്പളം, പടവലം, വെള്ളരി, പാവൽ, ചീര എന്നിവ ഉണ്ടാക്കാം. രണ്ടാം മാസം മുതൽ വിളവ് ലഭിക്കും. സിമൻറ്, വളച്ചാക്കുകളിൽ തൈ നടാം.
കഴുകി വൃത്തിയാക്കി വേണം ഉപയോഗിക്കാൻ. മണൽ, ചെമ്മൺപൊടി, കാലിവളം എന്നിവ ഒരേ അനുപാതത്തിൽ നിറക്കണം. വഴുതിന, മുളക്, തക്കാളി എന്നിവയുടെ തൈകൾ പാകി മുളപ്പിച്ച് പറിച്ചു നടണം. പടവലം, പാവൽ, പയർ എന്നിവക്ക് പന്തലൊരുക്കണം.
കീടബാധ ശ്രദ്ധിക്കണം. ടെറസിൽ മണ്ണിട്ട് നടാനാണെങ്കിൽ അടിയിൽ പ്ലാസ്റ്റിക് വിരിച്ചശേഷം വേണം തടമെടുക്കാൻ. ഇങ്ങനെയാകുമ്പോൾ വെള്ളം കിനിയുന്നത് ഒഴിവാക്കാം.
ഒപ്പം കുറച്ച് മുട്ടക്കോഴികളെ വളർത്താം. വീട്ടിലെ മാലിന്യ പ്രശ്നത്തിനും പരിഹാരമാകും. കേടായ പച്ചക്കറികളും ഭക്ഷണാവശിഷ്ടങ്ങളും ഭക്ഷണമായി നൽകാം. കോഴികൾക്ക് ദിവസവും കുടിവെള്ളം നൽകണം.
നല്ല വായുവും വെളിച്ചവും കിട്ടുന്ന സ്ഥലത്ത് മണ്ണിൽനിന്ന് ഉയർത്തി വേണം കൂട് സ്ഥാപിക്കാൻ. ദിവസവും വൃത്തിയാക്കണം. പച്ചക്കറിക്ക് വളമായി കോഴിക്കാഷ്ഠം ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.