അജിത്കുമാറിന്റെ റിപ്പോർട്ട് തള്ളി; തൃശൂർ പൂരം: അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയുടെ ശിപാർശ
text_fieldsതിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ നൽകിയ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. റിപ്പോർട്ടിനൊപ്പം ഡി.ജി.പി ദർവേശ് സാഹിബ് സർക്കാറിന് നൽകിയ കുറിപ്പിലെ പരാമർശങ്ങൾ പരിഗണിച്ച് അന്വേഷണത്തിന് ശിപാർശ നൽകി. എ.ഡി.ജി.പിക്കെതിരെയും പൂരം അലങ്കോലമായതും വെവ്വേറെ അന്വേഷിക്കണമെന്നാണ് ശിപാർശ. എ.ഡി.ജി.പിക്കെതിരെ ഡി.ജി.പി തല അന്വേഷണം വേണം. എന്നാൽ അജിത്കുമാറിനെ മാറ്റിനിർത്തണമെന്ന് പറയുന്നില്ല. റിപ്പോര്‍ട്ട് തള്ളണോ സ്വീകരിക്കണോ എന്നതിൽ മുഖ്യമന്ത്രിയുടേതാണ് അന്തിമ തീരുമാനം.
ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്നശേഷം വിഷയത്തില്‍ തീരുമാനമെടുക്കാമെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി തുടരന്വേഷണത്തിന് ശിപാര്‍ശ ചെയ്തതോടെ മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകമാകും.
തൃശൂര്‍ പൂരം നടത്തിപ്പില്‍ എ.ഡി.ജി.പി എം.ആര്. അജിത്കുമാറിന്റെ മേല്‍നോട്ടത്തില്‍ വീഴ്ചയുണ്ടായെന്ന് ഡി.ജി.പി എസ്. ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് അജിത്കുമാറിനെതിരെ അന്വേഷണത്തിന് ശിപാര്‍ശ. എ.ഡി.ജി.പിയുടെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയ ഡി.ജി.പി, പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്നും ശിപാര്‍ശ ചെയ്തു.
ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവുമാണ് സർക്കാർ പരിഗണനയിലുള്ളത്. ഒപ്പം ഡി.ജി.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുന്നതും പരിശോധിക്കുന്നുണ്ട്. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് മാത്രമല്ല സ്പെഷല്‍ ബ്രാഞ്ചിന്റെ കണ്ടെത്തലുകളടക്കം പരിഗണിച്ചാണ് ഡി.ജി.പിയുടെ കുറിപ്പ്.
സാധാരണ കീഴുദ്യോഗസ്ഥര്‍ നല്കുന്ന റിപ്പോര്‍ട്ട് അതേപടി ആഭ്യന്തരവകുപ്പിന് കൈമാറുകയാണ് ഡി.ജി.പി ചെയ്തിരുന്നത്. എന്നാല്‍, ഈ വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആക്ഷേപമുള്ളതിനാല്‍ റിപ്പോര്‍ട്ട് ഡി.ജി.പി വിശദമായി പരിശോധിച്ചു. പൂരസമയത്ത് തൃശൂരിലുണ്ടായിരുന്ന എ.ഡി.ജി.പി എം.ആര്. അജിത് കുമാര്‍ വരുത്തിയ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്.
പൂരം കലങ്ങിയത് സംബന്ധിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും എ.ഡി.ജി.പി അഞ്ച് മാസം വൈകിപ്പിച്ചതായി ഡി.ജി.പി ചൂണ്ടിക്കാട്ടി. പൂരം നടത്തിപ്പിന് എസ്.പിയും പരിചയസമ്പന്നരായ കീഴുദ്യോഗസ്ഥരും ചേര്‍ന്ന് തയാറാക്കിയ ക്രമീകരണങ്ങളില്‍ അവസാനനിമിഷം മാറ്റംവരുത്തി. സംഭവം നിയന്ത്രണത്തിന് അപ്പുറമായിട്ടും തൃശൂര്‍ പൊലീസ് ക്ലബിലുണ്ടായിരുന്ന എ.ഡി.ജി.പി ഇടപെട്ടില്ലെന്ന് ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.