ഹോം വോട്ടിങ്: കോഴിക്കോട് ജില്ലയില്‍ ആദ്യഘട്ടത്തിൽ വോട്ട് ചെയ്തത് 13,504 പേർ
text_fieldsകോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്കും 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും വീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്ന ഹോം വോട്ടിന്റെ ആദ്യഘട്ടത്തിൽ ജില്ലയില്‍ നിന്ന് ആകെ വോട്ട് ചെയ്തത് 13504 പേർ. ഇതിൽ 9360 പേർ 85 ന് മുകളിൽ പ്രായമുള്ളവരും 4144 പേർ ഭിന്നശേഷി വിഭാഗത്തിൽ ഉള്ളവരുമാണ്. കോഴിക്കോട്-6024, വടകര-7480 എന്നിങ്ങനെയാണ് ലോക്സഭ മണ്ഡലങ്ങൾ തിരിച്ചുള്ള കണക്ക്.
കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ ആകെ ഹോം വോട്ട് ചെയ്തവർ-6024, 85 ന് മുകളിൽ പ്രായമുള്ളവർ-4195, ഭിന്നശേഷി വിഭാഗം-1829
വടകര ലോക്സഭ മണ്ഡലത്തിൽ ആകെ ഹോം വോട്ട് ചെയ്തവർ-7480, 85 ന് മുകളിൽ പ്രായമുള്ളവർ-5165, ഭിന്നശേഷി വിഭാഗം-2315
ഏപ്രിൽ 17 മുതൽ തുടർച്ചയായി നാല് ദിവസമാണ് ജില്ലയിൽ ആദ്യഘട്ട വീട്ടിലെ വോട്ടിങ് നടന്നത്. കണ്ണൂർ ജില്ലയിൽ വരുന്ന, വടകര ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ തലശ്ശേരി, കൂത്തുപറമ്പ് നിയമസഭ മണ്ഡലങ്ങളിൽ ഏപ്രിൽ 16 ന് തന്നെ ഹോം വോട്ടിംഗ് തുടങ്ങിയിരുന്നു.
ഓരോ നിയമസഭ മണ്ഡലത്തിലും ഹോം വോട്ടിംഗിനായി നിയോഗിച്ച ഉദ്യോഗസ്ഥ സംഘങ്ങള്‍ നേരത്തെ അപേക്ഷ നല്‍കി, അർഹരായ വോട്ടര്‍മാരുടെ വീടുകളിലെത്തിയാണ് വോട്ട് ചെയ്യിപ്പിച്ചത്. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍, സുരക്ഷാഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍, ബി.എൽ.ഒ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് വോട്ടിങ്ങിനായി വീടുകളിലെത്തിയത്.
മുന്‍കൂട്ടി അറിയിച്ച് വീടുകളിലെത്തുന്ന സംഘം വോട്ടിങ്ങിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഉള്‍പ്പടെ ഒരുക്കിയാണ് വോട്ട് രേഖപ്പെടുത്തിത്. ഒരു സംഘം ഓരോ ദിവസവും ശരാശരി 20 മുതല്‍ 25 വരെ വോട്ടര്‍മാരുടെ വീട്ടിലെത്തി വോട്ടുകള്‍ രേഖപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
നേരത്തേ അസന്നിഹിത വോട്ടര്‍ (ആബ്‌സെന്റീ വോട്ടര്‍) വിഭാഗക്കാര്‍ക്കുള്ള നിശ്ചിത ഫോമില്‍ പോസ്റ്റല്‍ വോട്ടിനായി അപേക്ഷ നല്‍കിയവരിൽ അർഹതയുള്ളവർക്കാണ് വീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ അവസരമുള്ളത്. ജില്ലയില്‍ ഹോം വോട്ടിങ്ങിനായി 4873 ഭിന്നശേഷിക്കാരും 85ന് മുകളില്‍ പ്രായമുള്ള 10531 പേരുമാണ് അർഹത നേടിയത്. അപേക്ഷ നല്‍കാത്ത ഭിന്നശേഷിക്കാര്‍ക്കും 85 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഏപ്രില്‍ 26 ന് വോട്ട് രേഖപ്പെടുത്താൻ വോട്ടെടുപ്പ് കേന്ദ്രത്തിൽ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.