സഖാവിനെ നെഞ്ചോട് ചേർത്ത് ജന്മനാട്; വിലാപയാത്ര തലശ്ശേരിയിലെത്തി
text_fieldsകണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രിയസഖാവിന്‍റെ ഭൗതിക ശരീരം ജന്മനാട് ഏറ്റുവാങ്ങി. 12.55ഓടെ മൃതദേഹം എയർ ആംബുലൻസിലാണ് കണ്ണൂർ വിമാനത്താവളത്തിലെത്തിയത്.
സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് തലശ്ശേരി ടൗൺഹാളിലേക്കുള്ള വിലാപയാത്ര തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്താവളത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, സ്പീക്കർ എ.എൻ. ഷംസീർ, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്, മന്ത്രിമാരായ വി.എൻ. വാസവൻ, എ.കെ. ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവരടക്കം വിമാനത്താവളത്തിലെത്തിയിരുന്നു.
കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മണിക്കൂറുകൾക്ക് മുന്നേ വിമാനത്താവള പരിസരത്തും മട്ടന്നൂർ നഗരത്തിലും വൻ ജനത്തിരക്കാണ്. പൊലീനിന് പുറമെ വിമാനത്താവളത്തിൽ നൂറോളം റെണ്ട് വളന്‍റിയർമാരും സുരക്ഷക്കായെത്തിയിട്ടുണ്ട്. മട്ടന്നൂർ മുതൽ തലശ്ശേരി വരെ 14 കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
നൂറോളം വാഹനങ്ങൾ വിലാപയാത്രക്കൊപ്പം അനുഗമിക്കുന്നുണ്ട്. എല്ലായിടത്തും ജനബാഹുല്യമാണ്. മട്ടന്നൂർ മുതൽ തലശ്ശേരി വരെ തുറന്ന വാഹനത്തിൽ നേതാക്കളുടെയും റെണ്ട് വളന്‍റിയർമാരുടെയും പ്രവർത്തകരുടെയും വിലാപയാത്രയായണ് മൃതദേഹം കൊണ്ടുപോകുന്നത്.
മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയിൽ, ആറാം മൈൽ, വേറ്റുമ്മൽ, കതിരൂർ, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിർത്തുക.
തുടർന്ന് ഇന്ന് മുഴുവൻ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. തിങ്കളാഴ്ച രാവിലെ 10 മണി മുതൽ മാടപ്പീടികയിൽ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതൽ കണ്ണൂർ ജില്ല കമ്മിറ്റി ഓഫിസിലും പൊതു ദർശനമുണ്ടാകും. തിങ്കളാഴ്ച മൂന്ന് മണിക്ക് പയ്യാമ്പലത്ത് സംസ്കാരം. സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാൻ പാർട്ടി പ്രവർത്തകർ കണ്ണുരിലേക്കൊഴുകുകയാണ്. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കാൻ സി.പി.എം ആഹ്വാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.