പതിനൊന്നര പവൻ മോഷ്ടിച്ച് പകരം മുക്കുപണ്ടം വെച്ചു; ഹോംനഴ്സും മകനും അറസ്റ്റിൽ
text_fieldsകടുത്തുരുത്തി: കടുത്തുരുത്തിയിലെ വീട്ടിൽ നിന്നു പതിനൊന്നര പവൻ സ്വർണം മോഷ്ടിച്ച കേസിൽ ഹോംനഴ്സും മകനും അറസ്റ്റിൽ. ഇടുക്കി വാഗമൺ കൊച്ചുകരിന്തിരി ഭാഗത്ത് നെല്ലിക്കുന്നോരത്ത് മലയിൽപുതുവേൽ വീട്ടിൽ കുഞ്ഞുമോൾ എന്ന അന്നമ്മ (63), മകൻ എൻ.ഡി. ഷാജി (40) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
മുട്ടുചിറ ഇടുക്കുമറ്റം ഭാഗത്തുള്ള വീട്ടിൽ ഹോംനഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്ന അന്നമ്മ ഈ വീട്ടിലെ വയോധികയായ അമ്മയുടെയും ഇവരുടെ മരുമകളുടെയും മാല, വള എന്നിവയടക്കം ഏകദേശം നാലര ലക്ഷം രൂപ വില വരുന്ന പതിനൊന്നര പവൻ സ്വർണം പല സമയങ്ങളിലായി മോഷ്ടിക്കുകയായിരുന്നു. വീട്ടുകാര്‍ അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണം കൈക്കലാക്കി പകരം മുക്കുപണ്ടം വെക്കുകയായിരുന്നു.
വീട്ടുകാർക്ക് സംശയം തോന്നിയതിനെ തുടർന്ന് കടുത്തുരുത്തി പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ കുറ്റം സമ്മതിച്ചത്. സ്വർണം മകൻ വിറ്റെന്ന് അന്നമ്മ പൊലീസിനോട് പറഞ്ഞു. ഇവർ ജോലി ചെയ്യുന്ന വീടിന് സമീപം ഒളിപ്പിച്ചുവെച്ച നിലയില്‍ മോഷ്ടിച്ച മൂന്നു പവനോളം സ്വർണം കണ്ടെത്തി. കൂടാതെ, സ്വര്‍ണം വിറ്റുകിട്ടിയ പണം ഷാജിയിൽനിന്ന് കണ്ടെടുത്തു.
കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഒ സജീവ് ചെറിയാൻ, എസ്.ഐമാരായ ജയകുമാർ, കെ.കെ. നാസർ, എ.എസ്.ഐമാരായ ബാബു, ശ്രീലതാമ്മാൾ, സുരജ എന്നിവർ ചേർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.