വീട് മാറിയിട്ടും അൻഷാദിനെ തേടി രണ്ട് വർഷത്തിനുശേഷം അരുമ പ്രാവ് പറന്നെത്തി
text_fieldsകൊടുങ്ങല്ലൂർ: രണ്ട് വർഷത്തെ ഇടവേളക്കുശേഷം മുൻഉടമയെ തേടി ഹോമർ പ്രാവ് പറന്നെത്തി. കൊടുങ്ങല്ലൂരിലെ അഴീക്കോടാണ് സംഭവം. മരപ്പാലത്തിന് സമീപം കല്ലുങ്ങൽ മുഹമ്മദലിയുടെ മകൻ അൻഷാദിനെ തേടിയാണ് പ്രാവ് വന്നത്. അൻഷാദ് നേരത്തെ താമസിച്ച തറവാട്ടിൽനിന്ന് രണ്ട് വർഷം മുമ്പാണ് പ്രാവിനെ വിൽക്കുന്നത്. തുടർന്ന് ആറ് മാസം മുമ്പ് കുറച്ചകലെയായി പുതിയ വീട്ടിലേക്ക് താമസം മാറ്റി. ഈ വീട്ടിലേക്കാണ് പ്രാവ് വന്നിരിക്കുന്നത്.
പുതിയ സാഹചര്യവും പരിസരവുമായി ഒരു ബന്ധവുമില്ലാതിരിക്കെ ഹോമർ തന്നെ തേടിയെത്തിയതാണ് അൻഷാദിനെയും ഫാൻസി പ്രാവ് കർഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നത്. തൃശ്ശൂർ ആസ്ഥാനമായ കെ.ആർ.പി.എ റൈസിങ് ക്ലബിലേക്കാണ് അൻഷാദ് രണ്ട് വർഷം മുമ്പ് പ്രാവിനെ നൽകിയത്. ഷിഹാബ് കൊടുങ്ങല്ലൂരാണ് വാങ്ങിയത്. റൈസിങ്ങിനിടെ വേട്ടപ്പക്ഷിയുടെ ആക്രമണത്തിൽ ഹോമറിന് ഗുരുതര പരിക്കേറ്റു. ഇതോടെ മാസങ്ങളോളം പറക്കാൻ കഴിയാതെ കൂട്ടിൽതന്നെ കഴിഞ്ഞു.
2019 കെ.ആർ.പി.എ റൈസ് കഴിഞ്ഞതോടെ ഷിഹാബിെൻറ വീട്ടിലെ കൂട്ടിലേക്ക് മാറ്റിയിരുന്നു. പിന്നീട് നാല് കുഞ്ഞുങ്ങളുടെ അമ്മയായി. രണ്ട് വർഷത്തിനിടെ മത്സരത്തിെൻറ ഭാഗമായും മറ്റും 160 കിലോമീറ്റർ ഈ പ്രാവ് പറന്നിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സന്ധ്യ സമയത്താണ് ഷിഹാബിെൻറ കൂട്ടിൽനിന്ന് പുറത്തുചാടിയ പ്രാവ് പറന്നുപോയത്. ഈ വിവരം കെ.ആർ.പി.എ പ്രസിഡൻറ് സിബിനെയും അൻഷാദിനെയും അറിയിച്ചിരുന്നു. മുമ്പ് താമസിച്ചിരുന്ന വീട്ടിലല്ല ഇപ്പോൾ താമസമെന്നതുകൊണ്ട് തന്നെ തേടിവരാൻ സാധ്യതയില്ലെന്ന ധാരണയിലായിരുന്നു അൻഷാദ്.
എന്നാൽ, ആരെയും ആശ്ചര്യപ്പെടുത്തി കഴിഞ്ഞദിവസം രാവിലെ പുതിയ വീട്ടിലെ പ്രാവിൻ കൂട്ടിൽ എ.കെ.എം. ലോഫ്റ്റ് 04 റിങ്ങ് എന്ന കാലിലെ വിലാസത്തോടെ പ്രാവ് വന്നിറങ്ങുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ഷിഹാബിന് എറെ വിഷമത്തോടെ പ്രാവിനെ കൈമാറി. അഴീക്കോട് മരപ്പാലത്തിന് സമീപം 'എ ടു സെഡ്' അപ്ഹോൾസറി ഉടമയാണ് അൻഷാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.