പി.ടി. തോമസ് ഇനി ജ്വലിക്കുന്ന ഓർമ
text_fieldsകൊച്ചി: കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റും തൃക്കാക്കര എം.എൽ.എയുമായ പി.ടി. തോമസിന്‍റെ ഭൗതികദേഹം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. അവസാനനമായി ഒന്നുകാണാൻ തടിച്ചു കൂടിയ ആയിരങ്ങളെ സാക്ഷിയാക്കി എറണാകുളം രവിപുരം ശ്മശാനത്തിലാണ് ചിതയൊരുക്കിയത്. മക്കളായ വിവേകും വിഷ്ണുവും ചിതയ്ക്ക് തീക്കൊളുത്തി.
എറണാകുളം ടൗൺ ഹാളിലും തൃക്കാക്കര മുനിസിപ്പൽ കമ്യൂണിറ്റി ഹാളിലും പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്. പാലാരിവട്ടത്തെ വീട്ടിലും എറണാകുളം ഡി.സി.സി ഓഫിസായ ചൈതന്യയിലും എത്തിയവർക്ക് ആദരമർപ്പിക്കാൻ അവസരം നൽകിയ ശേഷം അലങ്കരിച്ച പ്രത്യേക വാഹനത്തിലാണ് മൃതദേഹം ടൗൺ ഹാളിലും ശ്മശാനത്തിലും എത്തിച്ചത്.
മൃതദേഹത്തിന് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി ടൗൺ ഹാളിലെത്തി ആദരമർപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് തൃക്കാക്കര മുനിസിപ്പൽ കമ്യൂണിറ്റി ഹാളിലെത്തി ആദരമർപ്പിച്ചു. രാവിലെ തൊടുപുഴയിൽ നിന്ന് പാലാരിവട്ടത്തെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ ബന്ധുക്കളും കുടുംബ സുഹൃത്തുകളും അന്ത്യാഞ്ജലി അർപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, നടൻ മമ്മൂട്ടി അടക്കമുള്ളവർ വീട്ടിലെത്തി ആദരമർപ്പിച്ചു.
വെല്ലൂരിലെ ആശുപത്രിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന മൃതദേഹം വ്യാഴാഴ്ച പുലർച്ചെ 2.15നാണ് ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ചത്. സംസ്ഥാന അതിർത്തിയിൽ ജില്ല കലക്ടറും ഡീൻ കുര്യാക്കോസ് എം.പിയും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ പാലാ, ഇടുക്കി ബിഷപ്പുമാർ ആദരാഞ്ജലി അർപ്പിച്ചു. ജന്മനാട്ടിൽ നിരവധി പേരാണ് പ്രിയ നേതാവിന് വിട നൽകാനെത്തിയത്.
രാവിലെ ഏഴോടെ മൃതദേഹം ഇടുക്കി ഡി.സി.സിയിൽ നിന്ന് വിലാപയാത്രയായി തൊടുപുഴയിലേക്ക് തിരിച്ചു. തൊടുപുഴ രാജീവ് ഭവനിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിലും ആയിരങ്ങൾ ആദരാഞ്ജലി അർപ്പിച്ചു. ജനസാഗരമാണ് പി.ടിയെ അവസാനമായി ഒരു നോക്കുകാണാൻ തടിച്ചുകൂടിയത്.
പി.ടി.തോമസിന്‍റെ വിലാപയാത്ര ഒമ്പത് മണിയോടെ മൂവാറ്റുപുഴ നെഹൃ പാർക്കിൽ എത്തിചേർന്നു. നൂറുക്കണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാനായി പുലർച്ചെ മുതൽ ഇവിടെ കാത്തു നിൽക്കുകയായിരുന്നു. കോതമംഗലം, പെരുമ്പാവൂർ പ്രദേശങ്ങളിൽ നിന്നടക്കം നിരവധി പേർ എത്തിയിരുന്നു. ഡീൻ കുര്യാക്കോസ് എം.പി., ഡോ. മാത്യു കുഴൽ നാടൻ എം.എൽ.എ.എന്നിവർ പി.ടി.യുടെ കുടുംബാംഗങ്ങളോടൊപ്പം അനുഗമിച്ചു.
എം.എൽ.എ.മാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, മുൻ എം.എൽ എ മാരായ ജോസഫ് വാഴയ്ക്കൻ, ജോണി നെല്ലൂർ, ബലറാം, മുനിസിപ്പൽ ചെയർമാൻമാരായ പി.പി. എൽദോസ്, ടി.എം. സക്കീർ ഹുസൈൻ (പെരുമ്പാവൂർ) വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കളായ എ. മുഹമ്മദ് ബഷീർ, അഡ്വ. കെ.എം. സലിം, കെ.എം. അബ്ദുൾ മജീദ്, പി.പി. ഉത്യുപ്പാൻ, കെ.പി. ബാബു, മേരി ജോർജ്, പി.എസ്. സലിം ഹാജി, ജോസ് പെരുമ്പിള്ളിൽ, ജോയി മാളിയേക്കൽ പി.എ. ബഷീർ, എം.എം. സീതി, ഡോളി കുര്യാക്കോസ്, സിനി ജോർജ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
അർബുദത്തിന് ചികിത്സയിലായിരുന്ന പി.ടി. തോമസ് ബുധനാഴ്ച രാവിലെ 10.15നാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ അന്തരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.