മെഡിക്കൽ റിപ്പോർട്ടില്ലെന്നതിന്റെ പേരിൽ നരഹത്യ ഒഴിവാകില്ല; കെ.എം. ബഷീർ കേസിൽ കോടതി
text_fieldsകൊച്ചി: മദ്യലഹരിയിൽ വാഹനമോടിച്ചുവെന്നതിന് മെഡിക്കൽ റിപ്പോർട്ടില്ലെന്ന വാദത്തിന്‍റെ അടിസ്ഥാനത്തിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്കുറ്റം ഒഴിവാക്കിയതെന്ന് ഹൈകോടതി. എന്നാൽ, ഇതിന്‍റെ പേരിൽ മാത്രം നരഹത്യയിൽനിന്ന് ഒഴിവാക്കാനാവില്ലെന്ന് സിംഗിൾ ബെഞ്ച് പറഞ്ഞു.
മറ്റനേകം തെളിവുകൾ കോടതി മുമ്പാകെയുണ്ട്. പുലർച്ച അപകടം നടന്നിട്ടും രാവിലെ 10.30വരെ രക്തപരിശോധനക്ക് സാമ്പിൾ ശേഖരിക്കാൻ ശ്രീറാം സമ്മതിച്ചിരുന്നില്ല. അതിനാലാണ് രക്തത്തിൽ മദ്യത്തിന്‍റെ സാന്നിധ്യമുണ്ടെന്ന പരിശോധന റിപ്പോർട്ട് കിട്ടാതെ വന്നത്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ അല്ലെങ്കിൽപോലും തന്‍റെ പ്രവൃത്തി പരിക്കേൽക്കാനും മരണത്തിനും കാരണമായേക്കാമെന്ന അറിവോടെയാണ് ഒരാൾ ചെയ്യുന്നതെങ്കിൽ അത് നരഹത്യയുടെ പരിധിയിൽ വരും. പ്രതി ഐ.എ.എസ് ഓഫിസറും മെഡിക്കൽ ഡോക്ടറുമാണ്.
ശ്രീറാമിനെ ആദ്യമെത്തിച്ച ജനറൽ ആശുപത്രിയിലെ ഡോക്ടർ മദ്യത്തിന്‍റെ മണമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അവിടെ രക്തപരിശോധനക്ക് വിധേയമാക്കിയില്ല. ഗുരുതര പരിക്കില്ലാഞ്ഞിട്ടും മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. അവിടേക്ക് സുഹൃത്തിന്‍റെ കാറിൽ പോകാൻ പ്രതിയെ പൊലീസ് അനുവദിക്കുകയും ചെയ്തു. എന്നാൽ, മെഡിക്കൽ കോളജിന് പകരം സ്വകാര്യ ആശുപത്രിയിലേക്കാണ് പ്രതി പോയത്. തെളിവ് നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയല്ലെങ്കിൽ ഇത് ചെയ്യേണ്ടതില്ല. ഇവിടെവെച്ച് 10.30 വരെ വിവിധ കാരണങ്ങൾ പറഞ്ഞ് പ്രതി രക്തപരിശോധന തടസ്സപ്പെടുത്തിയതായി നഴ്സിന്‍റെ മൊഴിയുണ്ട്. ഈ സാഹചര്യത്തിൽ പ്രതി അമിതവേഗത്തിലായിരുന്നുവെന്നും മദ്യപിച്ചിരുന്നുവെന്നും തെളിവ് നശിപ്പിക്കാൻപോലും ശ്രമിച്ചുവെന്നും പ്രഥമദൃഷ്ട്യാ കരുതാവുന്നതാെണന്ന് കോടതി പറഞ്ഞു.
പൊതുമുതൽ ബോധപൂർവം നശിപ്പിച്ചിട്ടില്ലാത്തതിനാൽ ഈ കേസും ശ്രീറാമിനെതിരെ നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വാഹനം ഓടിക്കാൻ നൽകിയതുകൊണ്ട് മാത്രം കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് വഫയെ സിംഗിൾ ബെഞ്ച് കുറ്റമുക്തയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.