നിലമ്പൂർ കാട്ടിൽ തേനൂറും കാലം
text_fieldsനിലമ്പൂർ: നിലമ്പൂർ കാട്ടിൽ നിറയെ തേൻമണം. കാട്ടാനകളെ പേടിച്ച് ഊരിൽ ഒതുങ്ങിക്കൂടിയാൽ കാട്ടിലെ തേൻകാലം നഷ്ടമാകുമെന്ന് കാടിന്റെ മക്കൾ. മാർച്ച് അവസാനത്തോടെ തേൻ ശേഖരണത്തിനായി ഊരുവിട്ട് ഉൾക്കാടുകൾ കയറും. കുടുംബസമേതമോ അല്ലെങ്കിൽ കൂട്ടമായോ ആണ് ഉൾക്കാട് കയറ്റം.
മുമ്പൊക്കെ ഒറ്റക്ക് പോയിരുന്നെങ്കിലും ആന ഭീഷണി ഏറിയതോടെ ഒറ്റ തിരിഞ്ഞുള്ള പോക്ക് ഒഴിവാക്കിയതായി പുഞ്ചക്കൊല്ലി കോളനിയിലെ കോട്ട പറഞ്ഞു. ദിവസങ്ങളോളം വനത്തിനുള്ളിൽ തങ്ങിയാണ് തേൻ ശേഖരിക്കുന്നത്.
അളക്കൽ കോളനിയിൽനിന്ന് മൂപ്പൻ ഉൾപ്പടെ തേൻ തേടി കാടുകയറും. ഏറ്റവും അപകടം പിടിച്ച പണിയാണ് തേൻ ശേഖരണമെന്ന് മൂപ്പൻ കുള്ളൻ ചാത്തൻ പറയുന്നു.
കൂറ്റൻ മരങ്ങളിലും ചെങ്കുത്തായ പാറകളിലുമാണ് അധികവും തേനുണ്ടാവുക. ഉയരത്തിലുള്ള മരത്തിന്റെ ശിഖരങ്ങളിൽനിന്നും തേൻ ശേഖരിക്കുക അത്ര എളുപ്പമല്ല. നല്ല ശ്രദ്ധ വേണം. ആഗസ്റ്റ് വരെ കാട്ടിനുള്ളിൽ തേൻ ശേഖരിക്കാനാവും. രണ്ടുമാസം സമൃദ്ധിയായി തേൻ കിട്ടും. വൻ തേൻ, ചെറുതേൻ, കൊമ്പുതേൻ, പുറ്റുതേൻ എന്നിങ്ങനെ നാലിനമാണ് നിലമ്പൂർ കാട്ടിൽ ലഭിക്കുന്നത്. ഇതിൽ ചെറുതേനാണ് ഡിമാന്റ് കൂടുതൽ.
ശുദ്ധമായ കാട്ടുതേൻ വാങ്ങാൻ സ്ഥിരമായി ആളുകളുണ്ട്. തേൻ വിൽപ്പനയിലൂടെ മികച്ച വരുമാനവും കൈയിലെത്തുമെന്നതിനാൽ വനാശ്രിതർക്ക് സീസൺ ഒഴിവാക്കാൻ ഒട്ടും താൽപര്യമില്ല. വനത്തിൽനിന്ന് തേൻ ശേഖരിക്കാൻ ആദിവാസികൾക്കാണ് അവകാശം.
പ്രാക്തന ഗോത്ര വിഭാഗത്തിലെ കാട്ടുനായ്ക്കരാണ് നിലമ്പൂർ കാടുകളിൽ പ്രധാനമായും തേൻ ശേഖരിക്കുന്നത്. പട്ടിക വർഗ സംഘങ്ങളും വനസംരക്ഷണ സമിതികളും വനം വകുപ്പും ഇവരിൽ നിന്നും തേൻ സംഭരിക്കുന്നുണ്ട്. ഇവരിൽ ചിലർ സ്വന്തമായി തേൻ വിൽപന നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.