ഹണി ട്രാപ്: പൊലീസിന് ക്ലാസെടുക്കുന്ന യുവാവ് അടക്കം നാലുപേർ പിടിയിൽ
text_fieldsകോട്ടയം: ഫേസ്ബുക്ക് മെസഞ്ചറിലൂടെ താഴത്തങ്ങാടി സ്വദേശിയുടെ അശ്ലീല വിഡിയോ പകർത്തി, പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ പൊലീസിന് വേണ്ടി സൈബർ സുരക്ഷ ക്ലാസ് എടുക്കുന്ന യുവാവ് അടക്കം നാലുപേർ പിടിയിൽ.
തിരുവാതുക്കൽ വേളൂർ തൈപ്പറമ്പിൽ ടി.എസ്. അരുൺ (29), തിരുവാർപ്പ് കിളിരൂർ ചെറിയ കാരയ്ക്കൽ ഹരികൃഷ്ണൻ (23), പുത്തൻ പുരയ്ക്കൽ അഭിജിത് (21), തിരുവാർപ്പ് മഞ്ഞപ്പള്ളിയിൽ ഗോകുൽ (20) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്.
ഡിസംബറിൽ ആരംഭിച്ച ഭീഷണിയും തട്ടിപ്പുമാണ് പൊലീസ് പൊളിച്ചത്. ഭാര്യ വിദേശത്തായ താഴത്തങ്ങാടി സ്വദേശിയെയാണ് പ്രതികൾ ഫേസ്ബുക്ക് മെസഞ്ചറിലൂടെ കുടുക്കിയത്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി ഈ യുവാവ് സൗഹൃദത്തിലായി. ഇതിനിടെ യുവതിയുടെ അക്കൗണ്ട് അപ്രത്യക്ഷമായി. എങ്കിലും ഇരുവരും മെസഞ്ചറിലൂടെ ചാറ്റ് ചെയ്തിരുന്നു.
നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടതോടെ യുവതി മെസഞ്ചറിൽ വിഡിയോ കോളിൽ എത്തുകയായിരുന്നു. മുഖംകാണിക്കാതെ നഗ്നയായാണ് എത്തിയത്. തൊട്ടടുത്ത ദിവസം യുവാവിനെ ഫോണിൽ വിളിച്ച സംഘം ഭീഷണി മുഴക്കുകയായിരുന്നു.
പെൺകുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് തങ്ങളുടെ നിരീക്ഷണത്തിലാെണന്നും പെൺകുട്ടിയോട് അശ്ലീല ചുവയോടെ സംസാരിച്ചതായും അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ പോക്സോ കേസിൽ കുടുക്കുമെന്നുമായിരുന്നു ഭീഷണി. ഭീഷണി തുടർന്നതോടെ യുവാവ് വെസ്റ്റ് പൊലീസിൽ പരാതി നൽകി.
പൊലീസ് നിർദേശാനുസരണം പ്രതികളുമായി സംസാരിച്ച ശേഷം തുക രണ്ടുലക്ഷം രൂപയിൽ ഒതുക്കി. പണം ബിറ്റ് കോയിനായോ ക്രിപ്റ്റോ കറൻസിയായോ നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. ഇതിന് തയാറാകാതെ പണമായി നൽകാമെന്ന് അറിയിച്ചു. ഇത് അനുസരിച്ച് ഇന്നലെ ഉച്ചയോടെ പ്രതികൾ പണം കൈമാറേണ്ട സ്ഥലം അറിയിച്ചു.
ഇവരുടെ മൊബൈൽ ഫോൺ നമ്പറുകളും കാൾ വിശദാംശങ്ങളും പരിശോധിച്ചാണ് കേസിലെ മുഖ്യ ആസൂത്രകൻ അരുണാണ് എന്ന് തിരിച്ചറിഞ്ഞത്. കോടിമത ബോട്ടുജെട്ടി റോഡിൽ ഫിലാൻ സാ സെക്യൂരിറ്റീസ് എന്ന സൈബർ സുരക്ഷ സ്ഥാപനം നടത്തുകയാണ് അരുൺ.
പൊലീസ് ഉദ്യോഗസ്ഥർക്കും വിദ്യാർഥികൾക്കും സൈബർ സുരക്ഷ ക്ലാസുകളും സെമിനാറുകളും ഇയാൾ എടുത്തിരുന്നു. പൊലീസ് ബന്ധങ്ങൾ ഉള്ളതിനാൽ പിടിക്കപ്പെടില്ലന്ന ഉറപ്പിലാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.