ഹണി ട്രാപ്പ്: ഗുണ്ടാനേതാവ് മരട് അനീഷിന്റെ സഹോദരനും ഭാര്യയും ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ
text_fieldsതൃപ്പൂണിത്തുറ: ഹണി ട്രാപ്പ് കേസിൽ അഞ്ചുപേരെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാനേതാവ് മരട് അനീഷിന്റെ സഹോദരൻ ആഷിക്ക് ആന്റണി (33), ഭാര്യ നേഹ (35), സുറുമി (29), തോമസ് (24), ഭാര്യ ജിജി (19) എന്നിവരെയാണ് ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പല തവണകളിലായി 13,500 രൂപയും മൊബൈൽ ഫോൺ, ബൈക്ക് എന്നിവയും തട്ടിയെടുത്തെന്ന വൈക്കം സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്.
ലൈംഗിക തൊഴിലാളിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സുറുമിയുടെ ഫോൺനമ്പർ വൈക്കം സ്വദേശിയായ യുവാവിന് ആഷിക്ക് ആന്റണിയും സുറുമിയും ചേർന്നു നൽകി. യുവാവുമായി സൗഹൃദം സ്ഥാപിച്ച ഇവർ, നവംബറിൽ തൃപ്പൂണിത്തുറ മാർക്കറ്റിന് സമീപമുള്ള ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. യുവാവ് മുറിയിൽ കടന്ന് സുറുമി വാതിൽ അടച്ചതിനുപിന്നാലെ പുറത്തു കാത്തുനിന്ന ആഷിക്കും തോമസും വാതിൽ തുറന്ന് അകത്തുകയറി ഇവരുടെ വിഡിയോ ചിത്രീകരിച്ചു.
ദൃശ്യങ്ങൾ പുറത്തറിയിക്കുമെന്ന് പറഞ്ഞ് യുവാവിനെ ഇവരും നേഹയും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവർ തട്ടിയെടുത്ത ബൈക്ക് പണയംവെച്ച പണത്തിൽ ഒരുവിഹിതം ജിജിയുടെ അക്കൗണ്ടിലേക്കാണെത്തിയതെന്നും പൊലീസ് പറഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിൽ മൂന്ന് പ്രതികളെ നെട്ടൂരിന് സമീപമുള്ള വാടകവീട്ടിൽനിന്നും ഒരാളെ പനമ്പിള്ളിനഗറിൽ നിന്നും ഒരാളെ മൂന്നാറിലെ റിസോർട്ടിൽനിന്നുമാണ് പിടികൂടിയത്.
ഹിൽപാലസ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എൽ. യേശുദാസ്, എസ്.ഐമാരായ കെ. അനില, യു.വി. വിഷ്ണു, എം.ആർ. സന്തോഷ്, എ.എസ്.ഐമാരായ ഉമേഷ് കെ. ചെല്ലപ്പൻ, എസ്.സി.പി.ഒമാരായ അഭിലാക്ഷി, സി.എൽ. ബിന്ദു, എ.എം. ഷാന്റി, സ്ക്വാഡ് അംഗങ്ങളായ ബൈജു, പോൾ മൈക്കിൾ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.