ഹണി ട്രാപ്പ്: രാഖി യുവാക്കളെ വലയിൽ വീഴ്ത്തിയത് വ്യാജ ഫേസ്ബുക്ക് ഐ.ഡിയുണ്ടാക്കി
text_fieldsചെങ്ങന്നൂർ (ആലപ്പുഴ): ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായ ദമ്പതികളുടെ തട്ടിപ്പിനിരയായ നിരവധി പേർ ചെങ്ങന്നൂരിൽ പരാതികളുമായി എത്തുന്നു. ഹണി ട്രാപ്പിലൂടെ സ്വർണവും ഫോണും നഷ്ടപ്പെട്ട ചേർത്തല സ്വദേശി വിവേകിനെ ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് രാഖി ചെങ്ങന്നൂരിലെത്തിച്ചത് ഒന്നര മാസം കൊണ്ടാണ്.
വിവേകിെൻറ വിവാഹം കഴിഞ്ഞതും ഒന്നര മാസം മുമ്പായിരുന്നു. വിവേകിന്‍റെ ജൂനിയറായി സ്കൂളിൽ പഠിച്ചതാണെന്നും കാണാൻ താൽപര്യമുണ്ടെന്നും പറഞ്ഞാണ് ഫേസ്ബുക്കിലൂടെ രാഖി ചാറ്റിങ് നടത്തിയത്. ചെങ്ങന്നൂരിൽ ബന്ധുവിന്‍റെ വിവാഹ പാർട്ടിയുണ്ടെന്നും അവിടെവെച്ച് കാണണമെന്നും ഇവർ ആവശ്യപ്പെട്ടു.
തുടർന്ന് മാർച്ച് 18ന് ഉച്ചയോടെ വിവേക് ചെങ്ങന്നൂരിലെത്തി. അതിന് മുമ്പായി ചെങ്ങന്നൂർ ഗവ. ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിൽ രാഖി ഭർത്താവ് രതീഷിനൊപ്പം എത്തി മുറിയെടുത്തിരുന്നു. ഇവിടേക്ക് വിളിച്ചുവരുത്തിയാണ് മദ്യത്തിൽ മയക്കുമരുന്ന് നൽകി വിവേകിന്‍റെ സ്വർണവും പണവുമെല്ലാം അപഹരിച്ചത്.
ശാരദ ബാബു, അമയ അയ്യർ തുടങ്ങിയ പല പേരുകളിൽ ഫേസ്ബുക്ക് വ്യാജ ഐ.ഡി തയാറാക്കിയാണ് മുളക്കുഴ സ്വദേശിയായ രാഖി ഇരകളെ വലയിലാക്കിയിരുന്നത്. ഭർത്താവ് രതീഷിനെയും കൂട്ടി ഹോട്ടലിൽ മുറിയെടുത്തശേഷം ഇരുവരും ചേർന്ന് പദ്ധതി തയാറാക്കും.
ഇരവലയിൽ വീണുവെന്നുറപ്പായ ശേഷം രതീഷ് തൽസ്ഥലത്തുനിന്നും പുറത്തേക്ക് പോകും. തുടർന്ന് ലഹരിമരുന്ന് കലർത്തിയ പാനീയം കുടിക്കുന്ന ഇര മയക്കത്തിലേക്ക് വീണു എന്ന് സ്ഥിരീകരിച്ചശേഷമാണ് ഭർത്താവിനെ വിളിച്ചുവരുത്തുക. പിന്നീട് മോഷണം നടത്തി സ്ഥലം വിടുകയാണ് പതിവ്.
രാഖിയും കുരമ്പാല സ്വദേശിയായ രതീഷും തമ്മിൽ പ്രണയവിവാഹമായിരുന്നു. പ്ലസ്ടു വിദ്യാഭ്യാസത്തിനുശേഷം മംഗലാപുരത്ത് ഫയർ ആൻഡ് സേഫ്റ്റി പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവിടെ ഹോട്ടൽ ജീവനക്കാരനായ രതീഷിനെ രാഖി പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തു. പിന്നീട് ഇവർ നാഗർകോവിലിൽ വീട് വാടകക്ക് എടുത്ത് താമസിച്ചുവരികയായിരുന്നു.
രണ്ടുപേർക്കും ദീർഘകാലം വീട്ടുകാരുമായി ബന്ധമുണ്ടായിരുന്നില്ല. ഇതിനിടയിലാണ് ഫേസ് ബുക്കിലൂടെ ഹണിട്രാപ്പ് ആരംഭിക്കുന്നത്. എറണാകുളം, ഓച്ചിറ, മാവേലിക്കര സ്വദേശികളായ യുവാക്കളെ സമാനമായ രീതിയിൽ മയക്കുമരുന്ന് നൽകി സ്വർണാഭരണങ്ങളും പണവും വില കൂടിയ മൊബൈൽ ഫോണുകളും കവർന്നിട്ടുണ്ട്. തട്ടിപ്പിന് ഇരയായവർ ഞായറാഴ്ച ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി. കൂടുതൽ പേർ ഇനിയും പരാതിയുമായി വരുമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.