ഹണിട്രാപ്പിലൂടെ വ്യാപാരിയുടെ രണ്ടരക്കോടി കവർന്ന ദമ്പതികൾ അറസ്റ്റിൽ
text_fieldsതൃശൂർ: ഹണിട്രാപ്പിലൂടെ വ്യാപാരിയിൽനിന്ന് രണ്ടരക്കോടി രൂപ കവർന്ന കേസിൽ ദമ്പതികൾ അറസ്റ്റിൽ. ഇവരിൽനിന്ന് കണ്ടെടുത്തത് ആഡംബര വാഹനങ്ങളും 82 പവനോളം സ്വർണാഭരണങ്ങളും. കൊല്ലം കരുനാഗപ്പള്ളി ഒറ്റയിൽപടിത്തറ്റിൽ വീട്ടിൽ ഷെമി (36), കൊല്ലം പെരിനാട് മുണ്ടക്കൽ, തട്ടുവിള പുത്തൻ വീട്ടിൽ എസ്. സോജൻ (32) എന്നിവരെയാണ് തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
2020ലാണ് കേസിനാസ്പദമായ സംഭവം. വ്യാപാരി വാട്സ്ആപ് വഴിയാണ് യുവതിയെ പരിചയപ്പെടുന്നത്. ഈ ബന്ധം പിന്നീട് സൗഹൃദത്തിലേക്കും വ്യക്തിപരമായ അടുപ്പത്തിലേക്കും വളർന്നു. ഹോസ്റ്റലിലാണ് നിൽക്കുന്നതെന്നു പറഞ്ഞ് ആദ്യം ഹോസ്റ്റൽ ഫീസും മറ്റ് ആവശ്യങ്ങൾക്കും പണം കടം വാങ്ങി. വ്യാപാരിയെ വിഡിയോ കാൾ ചെയ്യാനും തുടങ്ങി.
ഇതിനുശേഷം ചാറ്റും വിഡിയോയും പരസ്യപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടി. കൈയിലുള്ള പണം തീർന്ന വ്യാപാരി ഭാര്യയുടെയും ഭാര്യാമാതാവിന്റെയും പേരിലുള്ള സ്ഥിരനിക്ഷേപങ്ങൾ പിൻവലിച്ചു നൽകി. ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തി 2.5 കോടി രൂപയും അക്കൗണ്ടിലേക്ക് അയച്ചുനൽകി. യുവതി പണം ആവശ്യപ്പെടൽ നിർത്താതെ വന്നതോടെ മകനെ വിവരം ധരിപ്പിച്ചു. മകനും വ്യാപാരിയും വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
പൊലീസ് അന്വേഷണത്തിൽ പ്രതികൾ കൊല്ലം പനയത്തുള്ള അഷ്ടമുടിയിൽ ആഡംബര ജീവിതം നയിച്ചുവരുകയാണെന്ന് മനസ്സിലാക്കി. അന്വേഷണം നടക്കുന്നതറിഞ്ഞ ഇരുവരും ഒളിവിൽ പോയി. പ്രതികൾ വയനാട്ടിൽ ഉള്ളതായി അറിഞ്ഞ പൊലീസ് ഇവിടെ എത്തുംമുമ്പ് ദമ്പതികൾ രക്ഷപ്പെട്ടു. തുടർന്ന് അങ്കമാലിയിൽവെച്ചാണ് അറസ്റ്റ് ചെയ്തത്. വ്യാപാരിയിൽനിന്നു തട്ടിയ പണംകൊണ്ട് വാങ്ങിയ 82 പവൻ സ്വർണാഭരണം, ഇന്നോവ കാർ, ടയോട്ട ഗ്ലാൻസ കാർ, മഹീന്ദ്ര ഥാർ ജീപ്പ്, മേജർ ജീപ്പ്, എൻഫീൽഡ് ബുള്ളറ്റ് എന്നിവയും പൊലീസ് കണ്ടെടുത്തു. പ്രതികളെ റിമാൻഡിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.