ഹണിട്രാപ്പ്: പ്രതി ഉഡുപ്പിയിൽ തങ്ങിയത് അർബുദ രോഗ ചികിത്സക്കെന്ന പേരിൽ
text_fieldsമംഗളൂരു: യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസിൽ അറസ്റ്റിലായ മലയാളി യുവതി ഉഡുപ്പിയിലെ ഹോട്ടലിൽ തങ്ങിയത് അർബുദ രോഗ ചികിത്സക്കെന്ന പേരിലാണെന്ന് പൊലീസ് കണ്ടെത്തി. കാസർകോട് ജില്ലയിൽ ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരൻ (35 ) കഴിഞ്ഞ ദിവസം ഉഡുപ്പിയില്‍ അറസ്റ്റിലായിരുന്നു. ദിവസം 1000 രൂപ നിരക്കിൽ മുറിയെടുത്ത യുവതി 6000 രൂപയാണ് ലോഡ്ജിൽ അടച്ചിരുന്നത്. ബാക്കി തുക ഭർത്താവ് നൽകുമെന്നാണ് അറിയിച്ചിരുന്നത്.
ഐ.എസ്.ആർ.ഒയിൽ ടെക്നിക്കൽ അസിസ്റ്റന്റാണെന്നതിന്റെ വ്യാജരേഖ ശ്രുതിയുടെ വീട്ടിൽ നടത്തിയ പരിശോധനക്കിടെ കണ്ടെത്തിയതായി പൊലീസ് വെളിപ്പെടുത്തി. യുവതി മാട്രിമോണിയൽ സൈറ്റിൽ ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥയാണെന്ന പേരിൽ വിവാഹാലോചനക്ക് പരസ്യം നൽകിയും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നവരിൽനിന്ന് പണവും പൊന്നും വാങ്ങിയും കബളിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്.
ഉഡുപ്പിയിലെ ഹോട്ടൽ മുറിയിൽ 30 ദിവസമായി രണ്ട് മക്കൾക്കൊപ്പമാണ് ഒളിവിൽ കഴിഞ്ഞത്. വിവാഹവാഗ്ദാനം നൽകിയശേഷം പണം തട്ടി മുങ്ങുന്നതാണ് ശ്രുതിയുടെ തന്ത്രം. കർണാടക, കാസർകോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം എന്നിവിടങ്ങളിലും ശ്രുതി തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി. പെരിയാട്ടടുക്കത്തെ യുവാവിൽനിന്ന് ഒരു ലക്ഷം രൂപയും ഒരു പവനും തട്ടിയെടുത്തുവെന്ന പരാതിയിലാണ് മേൽപ്പറമ്പ് പൊലീസ് കേസെടുത്തത്. വിവാഹിതയും രണ്ട് മക്കളുടെ മാതാവുമായ യുവതി പലരോടും വിവാഹവാഗ്ദാനം നടത്തി പണം തട്ടിയിരുന്നതായും പറയുന്നു. മേൽപ്പറമ്പിലെ കേസിൽ ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നുവെങ്കിലും അത് തള്ളിയിരുന്നു.
ജിംനേഷ്യത്തിൽ പരിശീലകനായ യുവാവിൽനിന്ന് സമാന രീതിയിൽ പണം കൈക്കലാക്കിയിട്ടുണ്ട്. നാല് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തട്ടിപ്പിനിരയായത് മനസ്സിലാക്കിയ യുവാവ് പണം തിരികെ ചോദിച്ചപ്പോൾ ജിം പരിശീലകൻ തന്നെ ബലാത്സംഗം ചെയ്‌തുവെന്ന് വ്യാജ പരാതി നൽകുകയായിരുന്നു. ആത്മഹത്യ നാടകം നടത്തി യുവതി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിട്ടുമുണ്ട്. ശ്രുതിയുടെ ബലാത്സംഗ പരാതിയിൽ കർണാടക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ ദിവസങ്ങളോളം ജയിലിലുമായിരുന്നു. തനിക്കെതിരെ നീങ്ങുന്നവരെ കേസിൽ കുടുക്കുന്ന തന്ത്രമാണ് ശ്രുതി ഉപയോഗിച്ചിരുന്നത്. ബലാത്സംഗ കേസും കുട്ടികളെകൊണ്ട് പോക്സോ കേസും നൽകി രണ്ട് പേരെ ജയിലിലാക്കിയിരുന്നു. യുവതിയുടെ ദുർനടപ്പ് ഭർത്താവിനെ അറിയിച്ചതിന്റെ പേരിൽ ഭർത്താവിന്റെ അമ്മാവനെയും പോക്സോ കേസിൽ കുടുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.