ആശ വർക്കർമാർക്ക് ഹോണറേറിയം 1000 രൂപ വർധിപ്പിച്ചു
text_fieldsതിരുവനന്തപുരം: ആശ വർക്കർമാരുടെ ഹോണറേറിയത്തിൽ 1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ് വർധന. ഇതോടെ 7000 രുപയായി പ്രതിഫലം ഉയരും. 26,125 പേർക്കാണ് നേട്ടം ലഭിക്കുക.
ആശ പ്രവർത്തകരുടെ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രുപ അനുവദിച്ചു. ഹോണറേറിയം പൂർണമായും സംസ്ഥാന സർക്കാറാണ് നൽകുന്നത്. എന്നാൽ, കേന്ദ്ര സർക്കാർ ആശമാർക്ക് ഇൻസെന്‍റീവായി നൽകുന്നത് 2000 രൂപമാത്രമാണ്. അധിക പ്രവർത്തനങ്ങൾ നിർവഹിച്ചാൽ മാത്രം അധിക ഇൻസെന്‍റീവും ലഭിക്കും.
കേരളത്തിൽ ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച തുകയും മൂന്നു മാസമായി ലഭ്യമാക്കാത്ത സാഹചര്യമാണുള്ളത്.
ആശ വർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും ആയുഷ്മാൻ ഭാരതിൽ ഉൾപ്പെടുത്തും
ന്യൂഡൽഹി: ആശ വർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും കേന്ദ്ര സർക്കാറിന്‍റെ ആരോഗ്യ പദ്ധതിയായ ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയിൽ ഉൾപ്പെടുത്തുമെന്നാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനം. എന്നാൽ, ഇതിനായി ബജറ്റിൽ പ്രത്യേകം തുക നീക്കിവെച്ചിട്ടില്ല. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന. ഇത് പ്രകാരം ഒരു വ്യക്തിക്കോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കോ ചികിത്സക്കായി അഞ്ച് ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.