കേന്ദ്ര സഹായത്തിൽ പ്രതീക്ഷ
text_fieldsതിരുവനന്തപുരം: ഉരുൾദുരന്തം കവർന്ന വയനാടിനെ പുനർനിർമിക്കാനുള്ള സമഗ്ര പാക്കേജിന് സകലവഴിയും തേടി സംസ്ഥാനം. പ്രധാനമന്ത്രിയടക്കം നേരിട്ടെത്തി സാഹചര്യങ്ങൾ വിലയിരുത്തിയതോടെ കേന്ദ്ര സഹായത്തിലാണ് കേരളത്തിന്റെ പ്രതീക്ഷ.
പ്രളയബാധിത സംസ്ഥാനങ്ങൾക്ക് ബജറ്റിൽ പ്രത്യേക സാഹയം പ്രഖ്യാപിക്കാറുണ്ട്. കഴിഞ്ഞ ബജറ്റിൽ ഉത്തരാഖണ്ഡ്, ബിഹാർ, അസം, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് ഇത്തരം ഫണ്ട് അനുവദിച്ചിരുന്നു. ഇതേമാതൃകയിൽ ദുരന്തതീവ്രതയും ആഘാതവും തിരിച്ചറിഞ്ഞ് വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണങ്ങളിൽ തെളിയുന്നതും ഈ ശുഭസൂചനയാണ്.
ദുരന്തതീവ്രത പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമിച്ച സമിതി കഴിഞ്ഞദിവസം മേഖല സന്ദർശിച്ചിരുന്നു. പുനർനിർമാണത്തിന് മാത്രമായി 2000 കോടിയാണ് കേന്ദ്രത്തിൽനിന്ന് പ്രതീക്ഷിക്കുന്നത്. കാര്യകാരണ സഹിതം കേന്ദ്രസംഘത്തോട് മന്ത്രിമാർ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്.
വീടുകളുടെയും കെട്ടിടങ്ങളുടെയും തകർച്ച, ഉപജീവന മാർഗങ്ങളുടെ നഷ്ടം, കൃഷിനാശം, വിദ്യാർഥികളുടെ പഠനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയെല്ലാം സമിതിക്ക് മുന്നിൽ മന്ത്രിമാർ വിശദീകരിച്ചു. ദുരിതബാധിതർക്കായി അന്താരാഷ്ട്ര നിലവാരത്തിൽ ടൗൺഷിപ് തയാറാക്കി പുനരധിവാസം നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം.
മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് പ്രകാരമാകും നഷ്ടപരിഹാരവും പുനരധിവാസവുമടങ്ങുന്ന പാക്കേജ് തയാറാക്കുക. കേന്ദ്രത്തിൽനിന്നുള്ള സഹായ പ്രഖ്യാപനവും ഉപസമിതിയുടെ റിപ്പോർട്ടും ലഭിക്കുന്നതിനനുസരിച്ച് അടുത്ത മന്ത്രിസഭായോഗത്തിൽ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ സ്വരൂപിക്കുന്ന തുകക്ക് പുറമേ, വിവിധ വകുപ്പുകള്‍ക്ക് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ വിഹിതത്തിന്റെ പുനഃക്രമീകരണത്തിലൂടെ അധികതുക കണ്ടെത്താനും ആലോചനയുണ്ട്.
കേന്ദ്ര ദുരന്ത പ്രതിരോധനിധിയില്നിന്നുള്ള വിഹിതമാണ് മറ്റൊരു പ്രതീക്ഷ. കഴിഞ്ഞസാമ്പത്തിക വർഷം 277.60 കോടി രൂപമാത്രമാണ് സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് കേന്ദ്രവിഹിതമായി ലഭിച്ചത്. 2022ൽ 264 കോടിയും 2021ൽ 251 കോടിയുമായിരുന്നു വിഹിതം. വയനാട് ദുരന്തം ദേശീയ, അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രത്തിന്റെ മുന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.