പ്രതീക്ഷ പുതിയ ബജറ്റിൽ; രക്ഷാ പാക്കേജുകൾക്കായുള്ള ആകാംക്ഷയിൽ വ്യവസായ-വാണിജ്യ രംഗം
text_fieldsപുതിയ ടീമിെൻറ കരുത്തും പഴയ നയങ്ങളുടെ തുടർച്ചയുമായി സംസ്ഥാനം വീണ്ടും ബജറ്റിന് ഒരുങ്ങുകയാണ്. ജൂൺ നാലിന് പുതിയ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ എന്തൊക്കെ രക്ഷാ പാക്കേജുകളാണ് ഉണ്ടാവുക എന്ന ആകാംക്ഷയിലാണ് വ്യവസായ-വാണിജ്യ രംഗങ്ങളിലെ സംരംഭകർ.
ഇതുവരെ കൈകൊണ്ട നയങ്ങളുടെ തുടർച്ചതന്നെയാണ് പുതിയ ഭരണത്തിലും ഉണ്ടാവുക എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിക്കഴിഞ്ഞു. അതിദാരിദ്ര്യം തുടച്ചുമാറ്റുക എന്നതായിരിക്കും സർക്കാറിെൻറ ആദ്യ പരിഗണന എന്ന് ആദ്യ മന്ത്രിസഭായോഗം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ആരോഗ്യ സുരക്ഷക്കും അടിസ്ഥാന സൗകര്യ വികസനം, ക്ഷേമപദ്ധതികൾ, ഭക്ഷ്യ സുരക്ഷ തുടങ്ങിയവക്കുമാകും ആദ്യ ബജറ്റിൽ കാര്യമായ പരിഗണന എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനമൊട്ടാകെ നിശ്ചലമായ സാഹചര്യത്തിൽ വ്യവസായ-വാണിജ്യ മേഖലയിലും പ്രഖ്യാപനങ്ങൾ ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് സംരംഭകർ. ബജറ്റ് സംബന്ധിച്ച ഉദ്യോഗസ്ഥ തല ചർച്ചകൾ ഈയാഴ്ച തുടങ്ങാനിരിക്കെ വിവിധ മേഖലകളിലെ സംരംഭകരുടെ പ്രതീക്ഷകൾ ഇങ്ങനെ:
പുനരുദ്ധാരണം കാത്ത് വിനോദസഞ്ചാരമേഖല
കോവിഡ് അക്ഷരാർഥത്തിൽ തകർത്തുകളഞ്ഞത് വിനോദ സഞ്ചാര മേഖലയെ ആണ്. ഒരു വർഷത്തിലധികമായി ഈ മേഖല തകർന്നു കിടക്കുകയാണ്. തൊഴിലാളികളും ചെറുകിട സംരംഭകരും ഉപജീവനത്തിന് മറ്റു മാർഗങ്ങൾ തേടിയതായി ഈ രംഗത്തുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്.
2018ലെ മഹാപ്രളയത്തിൽ തകർന്നശേഷം 2019 ൽ കേരളത്തിലെ വിനോദസഞ്ചാര മേഖല അത്ഭുതകരമായ ഉയിർത്തെഴുന്നേൽപ് നടത്തിയിരുന്നു. 24 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചയാണ് 2019 ൽ കേരള ടൂറിസം നേടിയത്. സർക്കാറിെൻറ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത് 45,010 കോടി രൂപയാണ് വിനോദസഞ്ചാര മേഖലയിൽ നിന്ന് 2019 ൽ വരുമാനം എന്നാണ്. ഇതിൽ പതിനായിരം കോടിയും വിദേശനാണ്യമായിരുന്നു. സ്വദേശി-വിദേശി വിഭാഗങ്ങളിൽപ്പെട്ട 1.96 കോടി വിനോദ സഞ്ചാരികൾ കേരളം സന്ദർശിച്ച് മടങ്ങി.
ഇങ്ങനെ പ്രതീക്ഷയുടെ ഉച്ചസ്ഥായിയിൽ നിൽക്കവെയാണ് 2020 വിനോദ സഞ്ചാര വർഷത്തെ കൊറോണ വിഴുങ്ങിയത്. കഴിഞ്ഞ ഒരു വർഷത്തിനിെട വിദേശ വിനോദ സഞ്ചാരികളുടെ വരവ് പൂർണമായി നിലച്ചു. ലോക്ഡൗൺ ഇളവുകൾ നിലവിൽ വന്ന നവംബർ, ഡിസംബർ മാസങ്ങളിൽ മാത്രമാണ് കുറച്ചെങ്കിലും ആഭ്യന്തര വിനോദസഞ്ചാരികൾ എത്തിയത്. പുനരുദ്ധാരണ പാക്കേജാണ് ഈ മേഖലയിലുള്ളവർ പ്രതീക്ഷിക്കുന്നത്.
രക്ഷാ പാക്കേജ് പ്രതീക്ഷിച്ച് വ്യാപാര - വാണിജ്യ സമൂഹം
2018ലെ മഹാ പ്രളയകാലത്ത് സംസ്ഥാനത്തിെൻറ വിവിധഭാഗങ്ങളിലുള്ള വ്യാപാര മേഖലകൾ തകർന്നിരുന്നു. അന്ന് വ്യാപാര മേഖലയെ കൈപിടിച്ചുയർത്താൻ വിവിധ തലങ്ങളിൽ രക്ഷാശ്രമങ്ങൾ നടന്നിരുന്നു. അത്തരത്തിലുള്ള രക്ഷാശ്രമങ്ങളുടെ അനിവാര്യതയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത് എന്നാണ് വ്യാപാരികൾ പറയുന്നത്. 2020 മാർച്ചിനു ശേഷം വ്യാപാരം പേരിന് മാത്രമാണ് നടക്കുന്നത്. അവശ്യവസ്തുക്കളുടെ വ്യാപാരമാണ് കാര്യമായി നടക്കുന്നത്. ഓണം, പെരുന്നാൾ, ക്രിസ്മസ് പോലുള്ള ആഘോഷ സീസണുകൾ നഷ്ടമായതോടെ വസ്ത്ര വ്യാപാര സ്ഥാപനങ്ങൾക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. വിവിധ സീസണുകൾ മുന്നിൽകണ്ട് ശേഖരിച്ച സ്റ്റോക്കുകൾ എല്ലാം പാഴായി.
ഏറ്റവുമൊടുവിൽ കഴിഞ്ഞ വിഷു, പെരുന്നാൾ സീസണുകൾ മുന്നിൽ കൊണ്ടുവന്ന ബ്രാൻഡഡ് വസ്ത്രങ്ങൾ അടക്കമുള്ളവ കെട്ടുപോലും പൊട്ടിക്കാനാകാതെ കടകൾക്കുള്ളിൽ ഇരിപ്പാണ്. സമാന അനുഭവം തന്നെയാണ് ആഭരണ വ്യാപാരമേഖലക്കും. വിവാഹങ്ങൾ നീട്ടിവെക്കുകയും നടത്തുന്നവ തന്നെ ആഘോഷങ്ങൾ ഒഴിവാക്കുകയും ചെയ്തത് മേഖലയെ പ്രതിസന്ധിയിലാക്കി. വ്യാപാരികൾ നികുതി ഒഴിവാക്കൽ ഉൾപ്പെടെ ആശ്വാസ നടപടികളാണ് പ്രതീക്ഷിക്കുന്നത്.
സഹായം തേടി ചെറുകിട-ഇടത്തരം സംരംഭകരും
സമീപ വർഷങ്ങളിൽ നടപ്പാക്കിയ വ്യവസായ നയങ്ങളുടെ ഫലമായി സംസ്ഥാനത്തുടനീളം ഒട്ടനവധി സൂക്ഷ്മ- ചെറുകിട-ഇടത്തരം സംരംഭങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ, ഒരു വർഷത്തോളമായി ഉൽപന്നങ്ങൾ കെട്ടിക്കിടപ്പാണ് എന്നാണ് ഈ മേഖലയിൽ നിന്നുള്ളവരുടെ പരിദേവനം. ലോക്ഡൗൺ ഇളവു തേടി മുഖ്യമന്ത്രിയെ സമീപിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ ഇളവു നൽകുന്നത് വീണ്ടും കോവിഡ് വർധനവിന് കാരണമായേക്കുമെന്നും ഇളവ് നൽകാനാവില്ലെന്നുമാണ് സർക്കാർ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ സബ്സിഡികൾ ഉൾപ്പെടെ പാക്കേജുകളാണ് സംരംഭകർ പ്രതീക്ഷിക്കുന്നത്.
നികുതി ഇളവ് പ്രതീക്ഷിച്ച് പൊതുഗതാഗത മേഖല
ബസ്, ഓട്ടോ അടക്കമുള്ള പൊതുഗതാഗത മേഖലയിൽ ജോലിയെടുക്കുന്നവർക്കെല്ലാം ഇരട്ട പ്രഹരമാണ് ഏറ്റിരിക്കുന്നത്. അനുദിനം പെട്രോൾ-ഡീസൽ വില കുതിച്ചുയരുന്നു. ഒപ്പം, കോവിഡ് സാഹചര്യത്തിൽ പൊതുഗതാഗതം നിർത്തിവെക്കുകയും ചെയ്യേണ്ടിവന്നു. സർവിസ് നടത്തുന്നവർക്കു തന്നെ പേരിനു മാത്രമാണ് യാത്രക്കാർ ഉള്ളത്. എങ്ങനെ മുന്നോട്ടു പോകും എന്നറിയാതെ വിഷമിക്കുകയാണ് സംരംഭകർ. തൊഴിലാളികൾ പലരും മറ്റ് മേഖലകളിലേക്ക് പോവും എന്ന ആശങ്കയിലാണ് ഇവർ. ഒരു വർഷത്തേക്ക് റോഡ് നികുതി ഉൾപ്പെടെയുള്ളവയിൽ ഇളവാണ് ഈ മേഖല പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.