ഹോപ്പ് പദ്ധതി: പൂർവ വിദ്യാര്‍ഥികളുടെ സംഗമം തിങ്കളാഴ്ച
text_fieldsതിരുവനന്തപുരം : പൊലീസിന്‍റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍-സര്‍ക്കാരിതര സംവിധാനങ്ങളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ നടത്തിവരുന്ന ഹോപ്പ് പദ്ധതിയിലൂടെ വിജയം കൈവരിച്ച പൂർവ വിദ്യാര്‍ഥികളുടെ സംഗമം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. തിരുവനന്തപുരം എസ്.എ.പി ക്യാമ്പില്‍ നടക്കുന്ന പരിപാടി തിങ്കളാഴ്ച രാവിലെ പത്തിന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഉദ്ഘാടനം ചെയ്യും.
പലവിധ മാനസികാരോഗ്യ പ്രശ്നങ്ങളാലും സാമൂഹിക വെല്ലുവിളികള്‍ മൂലവും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ പത്താം ക്ലാസ് പരീക്ഷയില്‍ തോല്‍ക്കുകയോ ചെയ്ത കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കി അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കാനാണ് ഹോപ്പ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. അക്കാദമികമായി മികവ് പുലര്‍ത്താന്‍ സഹായിക്കുന്നതോടൊപ്പം വിദ്യാർഥികള്‍ക്ക് ജീവിത നൈപുണ്യം പകര്‍ന്നുനല്‍കുന്നതിനും സ്വഭാവപ്രശ്നങ്ങള്‍, വൈകാരിക പ്രയാസങ്ങള്‍, ആത്മഹത്യാചിന്തകള്‍ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഹോപ്പ് ശാസ്ത്രീയമായ ഇടപെടലുകള്‍ നടത്തി.
വിദഗ്ധരുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ഹോപ്പ് മാന്വല്‍ അടിസ്ഥാനമാക്കിയാണ് ഓരോ ഹോപ്പ് സെന്‍ററിലും അധ്യാപകരുടെ നേതൃത്വത്തില്‍ പരിശീലനമൊരുക്കുന്നത്. ഇത്തരത്തില്‍ വിജയം കൈവരിക്കുന്ന കുട്ടികള്‍ക്ക് ഉന്നതപഠനത്തിനും പോലീസ് സൗകര്യമൊരുക്കുന്നുണ്ട്.
പദ്ധതിയിലൂടെ പരിശീലനം ലഭിച്ച് വിവിധ വര്‍ഷങ്ങളില്‍ വിജയിച്ച 200 കുട്ടികളാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒത്തുചേരുന്നത്. ഹോപ്പ് പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഐ.ജി പി.വിജയന്‍ മുഖ്യപ്രഭാഷണം നടത്തും. ഡി.ഐ.ജിമാരായ ആര്‍.നിശാന്തിനി, രാജ്പാല്‍ മീണ, എസ്.പി മാരായ ഡി.ശില്‍പ, പോലീസ് ട്രെയിനിങ്ങ് കോളേജ് പ്രിൻസിപ്പൽ വി.കെ.അബ്ദുള്‍ ഖാദർ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.