എയിംസ് കിനാലൂരിൽ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷ –മന്ത്രി വീണ ജോർജ്
text_fieldsബാലുശ്ശേരി: എയിംസ് (ഓള് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) സ്ഥാപിക്കാനുദ്ദേശിക്കുന്ന കിനാലൂരിലെ നിർദിഷ്ട സ്ഥലം ആരോഗ്യമന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു. കേരളത്തിെൻറ ചിരകാലാവശ്യം കിനാലൂരിൽ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് സ്ഥലം സന്ദർശിച്ചശേഷം മന്ത്രി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കിനാലൂരിലെ കെ.എസ്.ഐ.ഡി.സിയുടെ കൈവശമുള്ള സ്ഥലത്ത് എയിംസ് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാർ ഉടമസ്ഥതയിലുള്ള 150 മുതല്‍ 200 ഏക്കര്‍ വരെ സ്ഥലം ഇവിടെ ലഭ്യമാണ്. ഉടൻ നിർമാണപ്രവര്‍ത്തനങ്ങൾ ആരംഭിക്കാനുള്ള വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയോടും കേന്ദ്ര ആരോഗ്യ മന്ത്രിയോടും മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രം അനുഭാവപൂർവം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
കിനാലൂര്‍, കാന്തലോട് വില്ലേജുകളിലായി കെ.എസ്.ഐ.ഡി.സിയുടെ കൈവശമുള്ള 140ഓളം ഏക്കര്‍ സ്ഥലം നിലവില്‍ ലഭ്യമാണ്. അത് ഡി.എം.ഇയുടെ പേരിലേക്ക് മാറ്റുകയെന്നതാണ് ഔദ്യോഗിക നടപടി. ലാൻഡ് മാര്‍ക്കിങ് ഉൾപ്പെടെ കാര്യങ്ങള്‍ ജില്ല കലക്ടറുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇനിയും ഭൂമി ഏറ്റെടുക്കാനുണ്ട്. വലിയരീതിയിൽ ജനവാസമില്ലാത്ത ഭൂമി ഇവിടെ ലഭ്യമാണ്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗങ്ങള്‍ ചേര്‍ന്ന് മുന്നോട്ടുപോവുകയാണെന്നും മന്ത്രി പറഞ്ഞു.
സചിന് ദേവ് എം.എല്‍.എ, ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ജില്ല കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കുട്ടികൃഷ്ണന്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഉമ്മര്‍ ഫാറൂഖ്, ഡി.പി.എം എ. നവീന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.