കൊച്ചിയിൽ സ്വകാര്യ ബസുകളുടെ ഹോണിനും മറികടക്കലിനും വിലക്ക്
text_fieldsകൊച്ചി: നഗരത്തിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും ഹോൺ മുഴക്കരുതെന്നും മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യാതെ ഇടതുവശത്തുകൂടി മാത്രം ഓടണമെന്നും ഹൈകോടതി. ഇതിനായി സിറ്റി പൊലീസ് കമീഷണറും ആർ.ടി.എ അധികൃതരും ഉത്തരവിറക്കണം.
നഗരത്തിലെ റോഡുകൾക്ക് വീതി കുറവായതിനാൽ ഓട്ടോകളുടെ എണ്ണം നിയന്ത്രിക്കണം. എണ്ണം കൂടിയാൽ നഗരത്തിലെ റോഡുകൾക്ക് താങ്ങാൻ കഴിയില്ലെന്നും ജസ്റ്റിസ് അമിത് റാവൽ വ്യക്തമാക്കി.കൊച്ചി നഗരത്തിൽ സർവിസ് നടത്താൻ പെർമിറ്റ് നിഷേധിച്ച ആർ.ടി.എയുടെ നടപടിക്കെതിരെ പെരുമ്പാവൂർ സ്വദേശി അബൂബക്കർ ഉൾപ്പെടെ 18 ഓട്ടോയുടമകൾ നൽകിയ ഹരജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്. സ്വകാര്യ ബസുകൾക്കും ഓട്ടോകൾക്കും സ്പീഡ് ലിമിറ്റ് കർശനമാക്കണം. സ്വകാര്യ ബസുകളുടെ അമിതവേഗം തടയാൻ വേഗപ്പൂട്ട് നിർബന്ധമാക്കണമെന്നും ഉത്തരവിൽ പറയുന്നു.
കൊച്ചിയിൽ മാത്രമല്ല, മറ്റു ജില്ലകളിലും ട്രാഫിക് നിയമങ്ങൾ പാലിക്കാതെയാണ് മിക്ക ഓട്ടോറിക്ഷകളും സർവിസ് നടത്തുന്നത്. ചട്ടങ്ങൾ പാലിച്ചല്ല, ഓട്ടോഡ്രൈവർമാരുടെ സൗകര്യമനുസരിച്ചാണ് സർവിസ് നടത്തുന്നത്. റോഡിൽ നിർത്തി ആളെയെടുത്തും ആളുകളെ അപകടകരമായി കുത്തിനിറച്ചുമൊക്കെയാണ് ഓട്ടോയോടുന്നത്.
സ്വകാര്യ ബസുകളും വ്യത്യസ്തമല്ല, കാൽനടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും ജീവൻ അപകടത്തിലാക്കുംവിധം മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്തും നിരന്തരം ഹോൺ മുഴക്കിയുമാണ് സ്വകാര്യ ബസുകളുടെ സർവിസ്.
15 വർഷം പിന്നിട്ട വാഹനങ്ങൾക്ക് സർവിസ് നടത്താൻ അനുമതി നൽകില്ലെന്നാണെങ്കിലും മിക്ക ബസുകളും വലിയ പഴക്കം തോന്നിക്കുന്നവയാണ്. 15 വർഷം പിന്നിട്ട വാഹനങ്ങൾക്ക് അനുമതി നൽകുന്നുണ്ടോയെന്ന് സംശയമുണ്ട്.
ഇത്തരം ഇളവുകൾ നൽകാമോയെന്നും കോടതി ചോദിച്ചു. നിർദേശങ്ങൾ നടപ്പാക്കാൻ വിധിയുടെ പകർപ്പ് അഡ്വക്കേറ്റ് ജനറൽ ഓഫിസ് മുഖേന സിറ്റി പൊലീസ് കമീഷണർക്കും ആർ.ടി.എ അധികൃതർക്കും നൽകാനും സിംഗിൾബെഞ്ച് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.