കർഷകരുടെ നട്ടെല്ലൊടിച്ച് ഹോർട്ടികോർപ്; കുടിശ്ശികയാക്കുന്നത് ലക്ഷങ്ങൾ
text_fieldsജില്ലയിൽ മാത്രം 33 ലക്ഷത്തോളം രൂപ കർഷകർക്ക് നൽകാനുണ്ട്
കോഴിക്കോട്: പച്ചക്കറി വാങ്ങി സംഭരിച്ച വകയിൽ ഹോർട്ടികോർപ് കർഷകർക്ക് നൽകാനുള്ളത് ലക്ഷങ്ങൾ. കഴിഞ്ഞ ആഗസ്റ്റ് മുതൽവിവിധ ജില്ലകളിലെ കർഷകർ നൽകിയ പച്ചക്കറികളുടെ തുകയാണ് ഹോർട്ടികോർപ് കുടിശ്ശികയാക്കുന്നത്. വിലക്കുറവിലും വിളയിലും പ്രതിസന്ധിമൂലം നട്ടംതിരിയുന്ന കർഷകർക്ക് ആശ്വാസം പകരുന്നതിനുപകരം ദുരിതത്തിലേക്ക് തള്ളിവിടുകയാണ് സർക്കാർ സ്ഥാപനമെന്നാണ് പരാതി.
വില ലഭ്യത ഉറപ്പുവരുത്തി കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറി സംഭരിച്ച് വിലവർധനയും പൂഴ്ത്തിവെപ്പും തടയാൻ സർക്കാറിനെ സഹായിച്ച കർഷകരാണ് കടക്കെണിമൂലം അടുത്ത കൃഷിക്കുള്ള തയാറെടുപ്പിനുപോലും കഴിയാതെ ശ്വാസംമുട്ടുന്നത്. ഓരോ ജില്ല കേന്ദ്രങ്ങളിൽനിന്നും ടൺകണക്കിന് പച്ചക്കറികൾ സംഭരിച്ചതിനാൽ ലക്ഷക്കണക്കിന് രൂപയാണ് സാധാരണ കർഷകർക്ക് ഹോർട്ടികോർപ് നൽകാനുള്ളത്.
കോഴിക്കോട് ജില്ലയിൽ മാത്രം 33 ലക്ഷത്തോളം രൂപ കർഷകർക്ക് നൽകാനുണ്ട്. പച്ചക്കറികൾക്കും താങ്ങുവില സർക്കാർ പ്രഖ്യാപിച്ചെങ്കിലും നിലവിൽ നേന്ത്രവാഴക്ക് മാത്രമാണത്രെ താങ്ങുവില കർഷകർക്ക് ലഭിക്കുന്നത്. നവംബർ മുതൽ താങ്ങുവില പ്രാബല്യത്തിലുണ്ടാകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. ടൺ കണക്കിന് വാഴക്ക സംഭരിച്ചെങ്കിലും സാങ്കേതിക തകരാർ മൂലം താങ്ങുവില ഡിസംബർ മുതൽക്കേ നൽകാനാവൂ എന്നാണേത്ര ഹോർട്ടികോർപ് അധികൃതർ കർഷകരെ അറിയിച്ചത്.
ഹോർട്ടികോർപ് മുഖാന്തരം ന്യായവില കിട്ടുമെന്ന് കരുതി കർഷകർ പൊതുവിപണിയിൽ നൽകാതെ കാത്തിരിക്കുന്നതുമൂലം ടൺ കണക്കിന് നേന്ത്രവാഴയും കപ്പയുമാണ് വിളവെടുക്കാൻ കഴിയാതെ കിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.