ആശുപത്രിയിലെ തീവെപ്പ്: ഗൂഢാലോചന അന്വേഷിക്കാൻ മുഖ്യമന്ത്രിക്ക് പരാതി
text_fieldsആലുവ: നജാത്ത് ആശുപത്രിയിലെ തീവെപ്പ്, സാമ്പത്തിക തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി ആശുപത്രി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. ഇരുസംഭവവും പരസ്പരം ബന്ധമുള്ളതാണ്. എന്നാൽ, ഉന്നതരുടെ ഇടപെടൽ മൂലം പൊലീസ് അന്വേഷണം കാര്യക്ഷമമല്ലാത്തതിനാലാണ് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയത്.
മലപ്പുറം കൽപകഞ്ചേരിയിൽ 68കാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ തട്ടിയ കേസിൽ പിടിയിലായ പ്രതി നിഷാദിനെ മാത്രമാണ് ആശുപത്രിയിലെ വാനും ജനറേറ്ററുമടക്കം കത്തിച്ച കേസിൽ അറസ്റ്റ് ചെയ്തിരുന്നത്. ഗൂഢാലോചന അന്വേഷിക്കാൻ തയാറാകാതിരുന്ന പൊലീസ് നിഷാദിന് എളുപ്പത്തിൽ ജാമ്യം ലഭിക്കാൻ സഹായിച്ചതായും പരാതിയിൽ ആരോപിക്കുന്നു.
രാത്രിയിൽ ആശുപത്രിയിൽ അതിക്രമിച്ചുകയറിയ നിഷാദ് ഒരു പ്രകോപനവുമില്ലാതെ ആശുപത്രി കെട്ടിടമടക്കം കത്തിക്കാനാണ് ശ്രമിച്ചത്. കടുങ്ങല്ലൂർ ഏലൂക്കര പുന്നേൽക്കടവ് ഭാഗത്ത് വാടകക്ക് താമസിക്കുകയായിരുന്ന കുന്നംകുളം കേച്ചേരി നാലകത്ത് വീട്ടിൽ നിഷാദ് മുഹമ്മദലിയെ (26) മാത്രമാണ് അറസ്റ്റ് ചെയ്തത്.
ഇയാളാണ് തീയിട്ടതെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തിയിരുന്നു. വൻ ദുരന്തത്തിന് കാരണമാകുമായിരുന്ന തീവെപ്പാണ് ആശുപത്രിയിൽ നടന്നത്. സംഭവസമയം ഗർഭിണികളും കുട്ടികളുമടക്കം അഞ്ഞൂറോളം പേർ ആശുപത്രിയിലുണ്ടായിരുന്നു. 150 പൗണ്ട് ശക്തിയേറിയ നാൽപതോളം ഓക്സിജൻ സിലിണ്ടറുകളാണ് ആ സമയം തീപടർന്ന് പിടിച്ച സ്ഥലത്ത് ഉണ്ടായിരുന്നത്. ആശുപത്രിക്ക് തീയിട്ട് രോഗികളെ കൊല്ലുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് വ്യക്തമായിട്ടും പൊലീസ് കൊലപാതക ശ്രമത്തിനും കേസ് എടുത്തില്ല.
ആശുപത്രിയിൽ സാമ്പത്തിക തിരിമറി നടത്തിയ ഒരാളെ സമീപകാലത്ത് പുറത്താക്കുകയും ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കാര്യമായ നടപടികളുണ്ടായിരുന്നില്ല.വാർത്തസമ്മേളനത്തിൽ ആശുപത്രി ഡയറക്ടർ ഡോ. എം. അബ്ബാസ്, ഡയറക്ടർ ബോർഡ് അംഗംങ്ങളായ ഡോ. മുഹ്യിദ്ദീൻ ഹിജാസ്, ഡോ. മുഹമ്മദ് റിയാദ്, മാനേജർ അബ്ദുൽ കരീം, അഡ്മിനിസ്ട്രേറ്റർ അഡ്വ. കെ.ബി. പരീത്, ലീഗൽ അഡ്വൈസർ അഡ്വ. അൻവർ, പി.ആർ.ഒമാരായ സഗീർ അറയ്ക്കൽ, ജോ ജോഫി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.