ആശുപത്രി സംരക്ഷണ ദേഭഗതി നിയമം പാസായി; ശിക്ഷ കൂടും
text_fieldsതിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കുനേരെ വാക്കാലുള്ള അധിക്ഷേപത്തിന് മൂന്നു മാസം തടവും 10,000 രൂപ പിഴയും ശിക്ഷ നൽകുന്ന വ്യവസ്ഥ ഒഴിവാക്കി ആശുപത്രി സംരക്ഷണ ഭേദഗതി നിയമം നിയമസഭ പാസാക്കി. ദുരുപയോഗ സാധ്യത ഏറെയാണെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ വകുപ്പ് ഒഴിവാക്കിയത്. പുതിയ നിയമഭേദഗതിയോടെ കൂടുതൽ വിഭാഗങ്ങൾ ‘ആരോഗ്യപ്രവർത്തകർ’ എന്ന പരിഗണനയിൽ ഉൾപ്പെടും.
ഒപ്പം ആരോഗ്യപ്രവർത്തകർക്കുനേരെയുള്ള ആക്രമണങ്ങൾക്ക് ശിക്ഷ വർധിക്കുകയും ചെയ്തു. അതിക്രമങ്ങൾക്ക് പരാമവധി ഏഴുവർഷംവരെ തടവും അഞ്ചു ലക്ഷം രൂപവരെ പിഴയും ലഭിക്കുംവിധം വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചാണ് ‘2012ലെ കേരള ആരോഗ്യരക്ഷ സേവന പ്രവർത്തകരും ആരോഗ്യരക്ഷ സേവന സ്ഥാപനങ്ങളും’ ഭേദഗതി നിയമസഭ പാസാക്കിയത്. നിലവിലെ നിയമത്തിൽ പരമാവധി മൂന്നുവർഷംവരെ തടവും 50,000 രൂപവരെ പിഴയുമാണ് വ്യവസ്ഥ ചെയ്യുന്നത്. ഇതിലാണ് ആക്രമണങ്ങളുടെ സ്വഭാവമനുസരിച്ച് രണ്ടു വിഭാഗങ്ങളായി പരിഗണിച്ച് ശിക്ഷ വർധിപ്പിച്ചത്.
അക്രമപ്രവർത്തനം നടത്തുകയോ അക്രമത്തിന് ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ ആറു മാസത്തിൽ കുറയാതെയും പരമാവധി അഞ്ചു വർഷം വരെയും തടവ് കിട്ടാമെന്നാണ് പുതിയ ഭേദഗതി. ഒപ്പം കുറഞ്ഞത് 50,000 രൂപയും പരമാവധി രണ്ടു ലക്ഷം രൂപവരെയും പിഴയും വിധിക്കാം. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 320ാം വകുപ്പിൽ പറയുംവിധം ആരോഗ്യ പ്രവർത്തകർക്കെതിരായ കഠിന ദേഹോപദ്രവത്തിന് ഒരു വർഷത്തിൽ കുറയാതെയും പരമാവധി ഏഴു വർഷം വരെയും തടവ് ലഭിക്കും. ഒപ്പം ഒരു ലക്ഷം രൂപയിൽ കുറയാതെയും പരമാവധി അഞ്ചു ലക്ഷം രൂപവരെയും പിഴയുമുണ്ട്.
ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കുംനേരെയുള്ള ആക്രമണങ്ങൾ ഇനി ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥരാകും അന്വേഷിക്കുക. കേസ് അന്വേഷണം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന തീയതി മുതൽ 60 ദിവസത്തിനകവും വിചാരണ നടപടിക്രമങ്ങൾ ഒരു വർഷത്തിനുള്ളിലും പൂർത്തീകരിക്കും. വേഗത്തിലുള്ള വിചാരണക്ക് ഹൈകോടതിയുടെ അനുമതിയോടെ ഓരോ ജില്ലയിലും ഒരു കോടതിയെ സ്പെഷൽ കോടതിയായി നിയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.