ആശുപത്രി സംരക്ഷണ നിയമം: ഓർഡിനൻസിൽ മെഡിക്കൽ വിദ്യാർഥികളും പഠനസ്ഥാപനങ്ങളും
text_fieldsതിരുവനന്തപുരം: ഓർഡിനൻസായി കൊണ്ടുവരുന്ന ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ മെഡിക്കൽ വിദ്യാർഥികളും പഠനസ്ഥാപനങ്ങളും കൂടി ഉൾപ്പെടും. ഇതുസംബന്ധിച്ച ചർച്ചകൾ ആരോഗ്യസർവകലാശാലയുമായി കഴിഞ്ഞദിവസം പൂർത്തിയായതോടെ ഓർഡിനൻസിന് കരട് രൂപമായി.
ഇനി ഉദ്യോഗസ്ഥ തലത്തിൽ നടപടികൾ കൂടി പൂർത്തിയാക്കിയാൽ ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അന്തിമവിലയിരുത്തൽ നടത്തിയ ശേഷം ബുധനാഴ്ച മന്ത്രിസഭ യോഗത്തിൽ കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മന്ത്രിസഭ അംഗീകരിച്ച് ഗവർണർക്ക് അയക്കും. ഗവർണർ ഒപ്പിടുന്നതോടെ ഓർഡിനൻസ് നിലവിൽവരും. ആയുർവേദ, ഹോമിയോ വിഭാഗങ്ങളിലെ ഉൾപ്പെടെ ഹൗസ് സർജൻമാർ, പി.ജി ഡോക്ടർമാർ, നഴ്സിങ് വിദ്യാർഥികൾ, പാരാമെഡിക്കൽ വിദ്യാർഥികൾ തുടങ്ങി ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പഠിക്കുകയും രോഗീപരിചരണത്തിൽ ഏർപ്പെടുകയും ചെയ്യുന്ന എല്ലാ വിദ്യാർഥികളെയും ഇത്തരം പഠന സ്ഥാപനങ്ങളെയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.
6600 ഹൗസ് സർജൻമാരും 5000 പി.ജി ഡോക്ടർമാരും 5500 നഴ്സിങ് വിദ്യാർഥികളും ഇതിന് ആനുപാതികമായി പാരാമെഡിക്കൽ വിദ്യാർഥികളും പഠനത്തിന്റെ ഭാഗമായി രോഗീപരിചരണത്തിൽ ഏർപ്പെടുന്നുണ്ടെന്നാണ് കണക്ക്.അതിനാൽ ഇവരെ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനാകില്ല. നിയമം സംബന്ധിച്ച് നേരത്തെ ചർച്ചകൾ നടന്നെങ്കിലും വിദ്യാർഥികളെയും പഠന സ്ഥാപനങ്ങളെയും ഉൾപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.