ആശുപത്രി സംരക്ഷണ നിയമം കൊണ്ടുവന്നിട്ടും അതിക്രമങ്ങൾ കുറയുന്നില്ല -ഹൈകോടതി
text_fieldsകൊച്ചി: ആശുപത്രിക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾ ജാമ്യമില്ല വ്യവസ്ഥകളോടെ ഭേദഗതി ചെയ്ത് സർക്കാർ സംരക്ഷണ നിയമം കൊണ്ടുവന്നിട്ടും ആക്രമണങ്ങൾ കുറയുന്നില്ലെന്ന് ഹൈകോടതി. തിരുവനന്തപുരം മണ്ണന്തലയിലെ ആയുർവേദ ക്ലിനിക്കിൽ വനിത ഡോക്ടറെ കടന്നുപിടിച്ച് താലിമാല പൊട്ടിച്ച കേസിൽ 63കാരനായ ജോസഫ് ചാക്കോയുടെ മുൻകൂർ ജാമ്യഹരജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം. അതേസമയം, കേസ് ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന ഡോക്ടറുടെ ആവശ്യം കോടതി തള്ളി.
മാർച്ച് 18ന് ഉച്ചക്ക് മകളുടെ ചികിത്സക്ക് ഗുളിക ആവശ്യപ്പെട്ടെത്തിയ പ്രതിയോട് സ്റ്റോക്കില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് ഡോക്ടറെ ആക്രമിച്ചത്. തള്ളി താഴെയിട്ടാണ് താലിമാല വലിച്ചുപൊട്ടിച്ചത്. രോഗികളും മെഡിക്കൽ റെപ്രസന്റേറ്റിവുമാരും ചേർന്നാണ് രക്ഷിച്ചത്. ഡോക്ടറുടെ പരാതിയിൽ സ്ഥലത്തെത്തിയ വനിത പൊലീസുകാർ പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു.
സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹരജി തള്ളിയതിനെ തുടർന്നാണ് പ്രതി ഹൈകോടതിയെ സമീപിച്ചത്. പ്രതി ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ചൂണ്ടിക്കാട്ടി വനിത ഡോക്ടറും ഹരജി നൽകി. എന്നാൽ, പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും നിലവിലെ അന്വേഷണത്തിനെതിരെ പരാതിയുണ്ടായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതി കോടതികളിൽ മുൻകൂർ ജാമ്യഹരജി നൽകിയതും അറസ്റ്റിന് തടസ്സമായി. ഈ സാഹചര്യത്തിൽ അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് തോന്നിയാൽ ഹരജിക്കാരിക്ക് കോടതിയെ വീണ്ടും സമീപിക്കാമെന്ന് നിർദേശിച്ച് ഹരജി തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.