മണ്ഡലകാലം: ആരോഗ്യമേഖലയിലെ സേവനം കഠിനമെൻറയ്യപ്പോ...
text_fieldsകോന്നി: മണ്ഡല തീർഥാടനകാലം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ തീർഥാടന പാതകളിലേ ആശുപത്രികളിലും പമ്പ, സന്നിധാനം എന്നിവടങ്ങളിലും ഡോക്ടർമാരേയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിച്ച് ഉത്തരവ് ഇറങ്ങിയില്ല. ഇതു മൂലം ഇത്തവണത്തെ മണ്ഡലകാലത്ത് ആരോഗ്യമേഖലയിലെ സേവനം ദുർബലമാകും.
കേരളത്തിലെ ഭൂരിപക്ഷം ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും കോവിഡ് ഡ്യൂട്ടിയിലാണ്. ഇതാണ് വലിയ പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്. ഇത്തവണ പ്രത്യേക സാഹചര്യത്തിൽ നിശ്ചിത കണക്കിൽ തീർഥാടകരെ ദർശനത്തിന് അനുമതി നൽകിയാൽ മതിയെന്ന് തീരുമാനം എടുത്തെങ്കിലും കോടതി ഇടപെടലിനെ തുടർന്ന് ഒരു ദിവസം അയ്യായിരത്തോളം തീർഥാടകരെ കയറ്റി വിടേണ്ടി വരും. ഇത്തരമൊരു സാഹചര്യത്തിൽ മുൻ വർഷത്തേക്കാൾ കൂടുതൽ ആരോഗ്യ പ്രവർത്തകർ വേണ്ടി വരും.
നിലയ്ക്കൽ ബേസ് ക്യാമ്പിൽ മുഴവൻ സമയ ആൻറിജൻ പരിശോധന സംവിധാനം ഉണ്ടാകണം. ഇതിനായി പ്രത്യേക ആംബുലൻസ് ഡോക്ടർമാർ, സ്വാബ് കലക്ടർ, നഴ്സിങ് അസിസ്റ്റൻറ്. ലാബ് ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിംഗ് സ്റ്റാഫ് തുടങ്ങി ഒരു സമയം തന്നെ പത്തോളം ജീവനക്കാർ വേണം. എങ്കിൽ മാത്രമേ കാലതാമസം കൂടാതെ ആൻറിജൻ പരിശോധനക്ക് ശേഷം സർട്ടിഫിക്കറ്റ് നൽകി ഭക്തർക്ക് ദർശനാനുമതി നൽകാൻ കഴിയുകയുള്ളു.
പമ്പ, നിലയ്ക്കൽ, നീലിമല ,അപ്പാച്ചിമേട്,ചരൽമേട്, സന്നിധാനം ഉൾെപ്പടെയും ചന്ദ്രാനന്ദൻ റോഡിലെ പതിനാറോളം കേന്ദ്രങ്ങളിലേ കാർഡിയാക് സെൻററുകളിലും ആരെയും നിയമിച്ചിട്ടില്ല. പ്രധാന ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാർ, സ്റ്റാഫ് നഴ്സുമാർ, ലാബ് ടെക്നീഷ്യൻ, നഴ്സിങ് അസിസ്റ്റൻറ്, എക്സ്റേ ടെക്നീഷ്യൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ സേവനമാണ് മണ്ഡലകാലത്തേക്ക് ആവശ്യമായി വരുന്നത്.
ആരോഗ്യ മേഖലയിലെ ജീവനക്കാർ എല്ലാവരും കോവിഡ് ഡ്യൂട്ടിയിലായതിനാൽ ജീവനക്കാരുടെ നിയമനം വൈകും. പ്രതിസന്ധിക്ക് പരിഹാരം കാണണമെങ്കിൽ അന്യസംസ്ഥാനത്ത് നിന്ന് ഡോക്ടർമാരെ ശബരമല ഡ്യൂട്ടിക്കായി വിളിക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.