ആശുപത്രികളോ, അറവുശാലകളോ...?
text_fieldsകോഴിക്കോട്: പ്രാണവായുവിനായി നെേട്ടാട്ടമോടുന്ന മനുഷ്യരോടുപോലും കരുണയില്ലാതെ പിടിച്ചുപറിക്കാൻ കൈയുംനീട്ടി നിൽക്കുന്ന സ്വകാര്യ ആശുപത്രികളെ കടിഞ്ഞാണിടണമെന്ന് കോടതി പറഞ്ഞത് അടുത്തിടെയാണ്. സർക്കാറും അതിനായി ചട്ടങ്ങളും വ്യവസ്ഥകളുമുണ്ടാക്കുന്നു.
അപ്പോഴും ആശുപത്രികളുടെ കൊള്ള നിർബാധം തുടരുകയാണ്. മരിച്ച മനുഷ്യെൻറ ദേഹവും അതിനെക്കാൾ ഭാരിച്ച ആശുപത്രി ബില്ലും നോക്കി നിലവിളിക്കുന്ന ബന്ധുമിത്രാദികളോടുപോലും കരുണയില്ലാതെയാണ് ചില ആശുപത്രികൾ പെരുമാറുന്നത്.
തലസ്ഥാന ജില്ലയിലെ കാട്ടാക്കടയിൽ നാലര ലക്ഷം രൂപയാണ് കോവിഡ് രോഗിയുടെ മൃതദേഹത്തിനിട്ട വില. തുക പൂർണമായി നൽകിയില്ലെങ്കിൽ 46കാരെൻറ മൃതദേഹം വിട്ടുകൊടുക്കില്ലെന്നായി ആശുപത്രിക്കാർ. ഒരുദിവസം ഒാക്സിജൻ നൽകിയതിന് 45,600 രൂപ. സംഭവം ശ്രദ്ധയിൽപെട്ട ജില്ല കലക്ടർ ആശുപത്രി മാനേജ്മെൻറിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. രണ്ടുദിവസത്തിനകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ രണ്ടുദിവസം ചികിത്സതേടിയ കോവിഡ് രോഗിക്ക് 50,000 രൂപയോളമാണ് ബിൽ ലഭിച്ചത്. ഭക്ഷണം, മരുന്ന് എന്നിവക്കു പുറമേയാണ് ഈ ബിൽ. ഡോക്ടർമാരുടെയും നഴ്സസുമാരുടെയും സേവനത്തിനുള്ള ഫീസും ആശുപത്രി വാടകയും ആയാണത്രേ തുക ഈടാക്കുന്നത്. ദിവസവും ഒരു നേരം മാത്രമാണ് ഡോക്ടർ പരിശോധനക്ക് വരുന്നത്. മറ്റൊരു ആശുപത്രി സാമ്പത്തികസ്ഥിതി അനുസരിച്ചാണ് രോഗികൾക്ക് ബില്ലിടുന്നത്.
25 ദിവസത്തെ കോവിഡ് ചികിത്സക്കുശേഷം മരിച്ച ചങ്ങനാശ്ശേരി സ്വദേശിയായ 60കാരെൻറ ബന്ധുക്കൾക്ക് തിരുവല്ലയിലെ സ്വകാര്യ ആശുപത്രി നൽകിയത് 8.20 ലക്ഷം രൂപയുടെ ബില്ലാണ്. ഐ.സി.യുവിലും വെൻറിലേറ്ററിലുമായി 25 ദിവസം. ഇതിനിടെ, പലതവണയായി 3.60 ലക്ഷം അടച്ചു.
മരണശേഷം 4.60 ലക്ഷത്തിെൻറ ബിൽകൂടി നൽകി. എന്നാൽ, ഇത്രയും വലിയ തുക താങ്ങാനാവില്ലെന്നും ഇളവുവേണമെന്നും മൃതദേഹം വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് ചങ്ങനാശ്ശേരി നിയുക്ത എം.എൽ.എ ജോബ് മൈക്കിൾ ആശുപത്രി അധികൃതരോട് സംസാരിച്ചു. ഒടുവിൽ 30,500 രൂപ കുറച്ചുകിട്ടി. ബാക്കി തുകകൂടി അടച്ചാണ് മൃതദേഹം വിട്ടുകിട്ടിയത്.
തൃശൂർ ജില്ലയിലെ ചില സ്വകാര്യ ആശുപത്രികളുടെ രീതി മറ്റൊന്നാണ്. കോവിഡ് ചികിത്സക്ക് കിടക്ക ഉണ്ടോ എന്ന് അന്വേഷിച്ചാൽ ഇല്ലെന്ന് മറുപടി കിട്ടും. ഗുരുതര രോഗിയുമായി ആശുപത്രിയിൽ എത്തിയാൽ താൽക്കാലിക പ്രവേശനം അനുവദിക്കും.
പിന്നീട്, ഐസൊലേഷനിൽ ഒഴിവുണ്ട് എന്ന് അറിയിക്കും. പക്ഷേ, ഒരുലക്ഷം കെട്ടിവെക്കണമെന്നു മാത്രം. സ്ഥിതി ഗുരുതരമായാൽ ഒടുവിൽ ഗവ. മെഡിക്കൽ കോളജിലേക്ക് പറഞ്ഞുവിടും. അപ്പോഴേക്കും ലക്ഷങ്ങൾ പൊടിഞ്ഞിട്ടുണ്ടാവും. അതിനിടെ കോവിഡ് രോഗിയുടെ മൃതദേഹം ശരിയായ രീതിയിൽ പൊതിഞ്ഞുനൽകാത്തതിെൻറ പേരിൽ ജില്ലയിലെ ആശുപത്രിക്കെതിരെ ഹൈകോടതി ഇടപെടലുമുണ്ടായി.
അന്തരിച്ച നടൻ ബാലൻ കെ. നായരുടെ മകൻ അജയ്കുമാറിെൻറ ഭാര്യമാതാവ് കോമളവല്ലിയെ അഞ്ചു ദിവസം ചികിത്സിച്ചതിന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രി ഈടാക്കിയത് 1.07 ലക്ഷം രൂപ. ഇതിൽ നാലു ദിവസത്തിനുള്ളിൽ ഉപയോഗിച്ചതായി പറയുന്ന 28 പി.പി.ഇ കിറ്റിെൻറ തുകയടക്കമുണ്ട്. മരുന്നിനുമാത്രം 57,909 രൂപയുടെ ബില്ല്. ഐ.സി.യുവിൽ കോമളവല്ലി മാത്രമായതിനാൽ പി.പി.ഇ കിറ്റിെൻറ തുക വിഭജിക്കാൻ സാധിക്കില്ലെന്നാണ് ആശുപത്രി അധികൃതരുടെ ന്യായം.
കഴിഞ്ഞദിവസം പാലക്കാട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി കോവിഡ് രോഗിയോട് അഡ്വാൻസായി ആവശ്യപ്പെട്ടത് 30,000 രൂപ. പ്രതിദിനം 6470 രൂപയുടെ പാക്കേജാണത്രെ.
എറണാകുളം നഗരത്തിലെ സ്വകാര്യ ആശുപത്രികൾ കോവിഡ് ബാധിതരിൽനിന്ന് ഈടാക്കുന്ന പ്രതിദിനനിരക്ക് ശരാശരി 20,000 രൂപയാണ്. ഇതിൽ മുറിവാടക, ഭക്ഷണം എന്നിവക്ക് മാത്രം 12,500 രൂപ വരും. ഡോക്ടർ, നഴ്സ് എന്നിവരുടെ ചാർജായാണ് ബാക്കി 7500 രൂപ. ഐ.സി.യു, വെൻറിലേറ്റർ എന്നിവ ഉപയോഗിച്ചാൽ പ്രതിദിന നിരക്ക് 30,000-50,000 രൂപയിലേക്ക് ഉയരും. ആശുപത്രികൾ മറ്റൊരു സൗമനസ്യം കാണിക്കാറുണ്ട്. പ്രതിദിന നിരക്ക് 20,000 രൂപ വരുമെന്ന് മുൻകൂട്ടി അറിയിച്ചാണ് രോഗികളെ പ്രവേശിപ്പിക്കുന്നത്.
പലയിടത്തും കുറഞ്ഞത് ഒരുലക്ഷം രൂപ മുൻകൂർ അടക്കണം. ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിയിൽനിന്ന് അഞ്ചുദിവസത്തെ പി.പി.ഇ കിറ്റ് ഫീസായി 37,350 രൂപ വാങ്ങിയത് പുറത്തുവന്നതോടെയാണ് കോവിഡ് ചികിത്സക്കൊള്ള വാർത്തയായത്.
കളമശ്ശേരി, ഏലൂർ സ്വദേശിയായ ഖദീജക്കുട്ടിയിൽനിന്ന് ഇതേ ആശുപത്രി ഒമ്പതുദിവസത്തെ പി.പി.ഇ കിറ്റിന് ഈടാക്കിയത് 51,000 രൂപയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഘട്ടത്തിൽ രണ്ടുതവണയായി 55,000 രൂപ ഈടാക്കി. 10 ദിവസത്തെ ചികിത്സക്ക് 1.26 ലക്ഷം രൂപയായിരുന്നു ബിൽ. ആശുപത്രിക്കെതിരെ പരാതി നൽകിയിട്ടുണ്ട് ഇവർ.
ഒന്നാം കോവിഡ് തരംഗത്തിൽ പ്രതിദിനം 8000-9000 രൂപ നിരക്കിലായിരുന്നു ആശുപത്രികളിൽ ചികിത്സ നിരക്ക്. ഇക്കുറി രോഗികൾ കൂടിയതോടെ അത് ഇരട്ടിയാക്കി.
കാസർകോട് ജില്ലയിൽ സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളില്ലാത്തതിനാൽ കഴുത്തറപ്പൻ ഫീസിന് ശമനമുണ്ട്. എങ്കിലും ഗുരുതരമല്ലാത്തവരുടെ കോവിഡ് ചികിത്സക്ക് 10,000 മുതൽ 15,000 രൂപവരെ ഫീസ് ഇൗടാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.