ജീവനക്കാരില്ലാതെ ആശുപത്രികൾ; ദീർഘാവധിയിൽ 2380 പേർ
text_fieldsതിരുവനന്തപുരം: ജീവനക്കാരുടെ അഭാവം സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമ്പോഴും ആരോഗ്യവകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലുമായി ദീർഘാവധിയിലുള്ളത് 2380 പേർ. അവധിയുടെ കാലാവധി കഴിഞ്ഞിട്ടും 539 പേർ തിരികെ പ്രവേശിച്ചിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ദീർഘാവധിയിലുള്ള 2380 പേരിൽ 1509 പേർ ആരോഗ്യവകുപ്പിലാണ്. 871 പേർ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും. ഈ 871ൽ 166 പേർ അനുവദിച്ച കാലം കഴിഞ്ഞും അവധിയിൽ തുടരുന്നവരാണ്. ആരോഗ്യവകുപ്പിൽ ഇത്തരത്തിലുള്ളത് 373 പേരാണ്.
അനധികൃതമായി അവധിയിൽ തുടരുന്ന ഡോക്ടർമാരടക്കം ആരോഗ്യപ്രവർത്തകർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് സർക്കാർ പലവട്ടം താക്കീത് നൽകിയിരുന്നു. സമയപരിധിക്കുള്ളിൽ തിരികെ പ്രവേശിക്കാത്തവര്‍ സർവിസില്‍ തുടരാന്‍ താല്‍പര്യമില്ലാത്തവരാണെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. ഇവർക്കെതിരെ ചട്ടപ്രകാരം അച്ചടക്ക നടപടി ആരംഭിക്കാനാണ് തീരുമാനം. ഇനി രേഖാമൂലം സന്നദ്ധത അറിയിക്കുന്നവര്‍ക്ക് ബോണ്ട് വ്യവസ്ഥകള്‍ക്കും അച്ചടക്കനടപടികളുടെ തീര്‍പ്പിനും വിധേയമായിട്ടാവും നിയമനം നൽകുക.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അനധികൃത അവധിയിൽ കഴിഞ്ഞ 28 ഡോക്ടർമാരെ 2021ൽ പിരിച്ചുവിട്ടിരുന്നു. പലതവണ അവസരം നൽകിയിട്ടും സർവിസിൽ മടങ്ങിയെത്താത്തതിനെ തുടർന്നാണ് നടപടി. 2018 ഡിസംബറിൽ 36 ഡോക്ടർമാരെ ഇങ്ങനെ നീക്കിയിരുന്നു.
പകർച്ചവ്യാധികൾ പിടിമുറുക്കുന്നതും ഒപ്പം അപൂർവ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുമടക്കം സങ്കീർണ സാഹചര്യങ്ങളിലാണ് ആരോഗ്യവകുപ്പ് കടന്നുപോകുന്നത്. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണത്തിനനുസരിച്ച് ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് നഴ്സുമാരുടെ സംഘടനകളടക്കം സമരത്തിലാണ്. ഈ സാഹചര്യത്തിലാണ് ദീർഘാവധിയിലുള്ള ജീവനക്കാരുടെ വിവരങ്ങൾ പുറത്തുവരുന്നത്.
പ്രധാന വിഭാഗങ്ങളിൽ ദീർഘാവധിയിലുള്ളവർ
- നഴ്സിങ് ഓഫിസർ 1364
- അസി. സർജൻ 595
- അസി. പ്രഫസർ 25
- ജൂനിയർ കൺസൾട്ടന്റ് 49
- ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ 34
- ലാബ് ടെക്നീഷ്യൻമാർ 73
- റേഡിയോഗ്രാഫർ 17
- ഫാർമസിസ്റ്റുകൾ 58
- ജൂനിയർ ലാബ് അസിസ്റ്റന്റ് 06
- ഒപ്ടോമെട്രിസ്റ്റ് 08
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.