ഹോട്ടലുടമയെ കൊന്നുതള്ളിയ സംഭവം: പ്രതി സ്വഭാവദൂഷ്യം കാരണം പുറത്താക്കിയ ജീവനക്കാരൻ; ജോലിക്കെത്തിയത് മൂന്നാഴ്ച മുമ്പ്
text_fieldsകോഴിക്കോട്: തിരൂർ സ്വദേശി ഹോട്ടൽ ഉടമ സിദ്ദീഖിനെ കൊലപ്പെടുത്തി കഷ്ണങ്ങങ്ങളാക്കി അട്ടപ്പടിയിലെ കൊക്കയിലേക്ക് തള്ളിയത് സ്വഭാവദൂഷ്യം കാരണം ഇദ്ദേഹത്തിന്റെ ഹോട്ടലിൽനിന്ന് പുറത്താക്കിയ യുവാവ്. മൂന്നാഴ്ച മുമ്പ് ഹോട്ടലിൽ ജോലിക്കെത്തിയ വല്ലപ്പുഴ സ്വദേശി ഷിബിലി (22)യാണ് പെൺസുഹൃത്ത് ഫർഹാന(18)യുടെ സഹായത്തോടെ ക്രൂരകൃത്യം ചെയ്തത്.
രണ്ടാഴ്ച മാത്രമാണ് പ്രതി സ്ഥാപനത്തിൽ ജോലിചെയ്തത്. മറ്റുജീവനക്കാർ ഇയാളുടെ സ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഈമാസം 18ന് പിരിച്ചുവിടുകയായിരുന്നു. അന്നുതന്നെയാണ് സിദ്ധീഖിനെ കാണാതായത്. ഈ ദിവസം എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദീഖും പ്രതികളും രണ്ടുറൂമുകൾ എടുത്തിരുന്നു. ഇവിടെ വെച്ചാണ് കൊലപാതകം നടത്തിയതെന്നാണ് കേസന്വേഷിക്കുന്ന മലപ്പുറം പൊലീസ് സംശയിക്കുന്നത്. ഇതിനുപിന്നാലെ സിദ്ദീഖിന്റെ അക്കൗണ്ടിൽനിന്ന് എ.ടി.എം ഉപയോഗിച്ചും ഗൂഗ്ൾ പേ വഴിയും രണ്ട് ലക്ഷത്തോളം രൂപ പ്രതികൾ പിൻവലിച്ചിരുന്നു.
സിദ്ധിഖിനെ കാണാനില്ലെന്ന മകന്റെ പരാതിയിൽ നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിലേക്ക് എത്തിയിരിക്കുന്നത്. എ.ടി.എം ഇടപാടും സിദ്ദീഖിന്റെ മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ ചെന്നൈയിൽ വെച്ച് തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിദ്ധീഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലാണ് ഷിബിലി ജോലി ചെയ്തിരുന്നത്. മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കിയ ശേഷം അട്ടപ്പാടിയിലെ അഗളിക്കടുത്ത് കൊക്കയിലേക്ക് തള്ളിയെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇവിടെനിന്ന് പൊലീസ് രണ്ട് ട്രോളിബാഗുകൾ കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.