എന്തിനിത് ചെയ്തു; അവൻ ആർക്കും പണം കൊടുക്കാനില്ല - സിദ്ദീഖിന്റെ സഹോദരൻ
text_fieldsകോഴിക്കോട്: ‘അവരെന്തിനാണ് ഇത് ചെയ്തതെന്ന് ഞങ്ങൾക്ക് ഒരു അറിവുമില്ല. ജീവനെടുക്കാൻ മാത്രം എന്തായിരുന്നു പ്രശ്നം. അവൻ ആർക്കും പണം കൊടുക്കാനില്ല. അവന്റെയടുത്ത് വേണ്ടത്ര പണം ഉണ്ടായിരുന്നു’ തുണ്ടം തുണ്ടമാക്കപ്പെട്ട് അഴുകിയ നിലയിൽ കണ്ടെത്തിയ സിദ്ദീഖിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുമ്പോൾ മോർച്ചറിക്കു മുന്നിൽ വിങ്ങിപ്പൊട്ടുകയായിരുന്നു ഇളയ സഹോദരൻ നാസർ.
കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു പ്രതികളിലൊരാളായ ഷിബിലി. ഒരാഴ്ചയാണ് ഷിബിലി ഹോട്ടലിലെ കാഷ് കൗണ്ടറിൽ ജോലിചെയ്തത്. ഇതിനിടെ സാമ്പത്തിക ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടതോടെ സിദ്ദീഖ് ഇയാളെ ഇടപാടുകളെല്ലാം തീർത്ത് പറഞ്ഞുവിടുകയായിരുന്നുവെന്നും സഹോദരൻ പറഞ്ഞു. സിദ്ദീഖിന്റെ സുഹൃത്ത് വഴിയാണ് ഷിബിലി ഹോട്ടലിൽ ജോലിക്കെത്തിയതെന്നും നാസർ പറയുന്നു.
ബിസിനസ് ആവശ്യാർഥം യാത്ര പോവാറുണ്ടെങ്കിലും മൂന്നു നാലു ദിവസത്തിൽ കൂടുതൽ വീട്ടിൽ വരാതിരിക്കുകയോ ബന്ധപ്പെടാതിരിക്കുകയോ ചെയ്യാറില്ല. 18ന് വീട്ടിൽനിന്ന് ഇറങ്ങിയ സിദ്ദീഖിനെ ഫോണിൽ കിട്ടാതായതോടെയാണ് ആധിയേറിയത്. എന്തു തിരക്കാണെങ്കിലും ഫോൺ ഓഫ് ചെയ്യാറില്ല.
ഹോട്ടലിലേക്ക് കോഴിയിറച്ചിക്ക് ഓർഡർ നൽകാത്തതിനാൽ ഏജന്റ് വിളിച്ച് അന്വേഷിച്ചപ്പോഴാണ് സഹപ്രവർത്തകരും വീട്ടുകാരും സിദ്ദീഖിന്റെ ഫോൺ സ്വിച്ച് ഓഫായ വിവരം അറിഞ്ഞത്. പിന്നീട് പൊലീസിൽ പരാതി നൽകി. സിദ്ദീഖിനെ ഫോണിൽ ലഭിക്കാതിരുന്നതും ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതും ദുരൂഹത വർധിപ്പിച്ചു.
12 വർഷത്തോളം ഗൾഫിലായിരുന്ന സിദ്ദീഖ് 16 വർഷമായി ഹോട്ടൽ ബിസിനസ് നടത്തുകയാണ്. മാങ്കാവ്, തിരൂർ തുടങ്ങി നാലോളം സ്ഥലങ്ങളിൽ നേരത്തേ ഹോട്ടൽ നടത്തിയിരുന്നു. ഒളവണ്ണയിലേത് സ്വന്തം കെട്ടിടമാണ്.അതേസമയം, സിദ്ദീഖിനെ ഹണിട്രാപ്പിൽപെടുത്തി പണം തട്ടാനായിരുന്നോ പ്രതികളുടെ ശ്രമം എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.