'സ്കൂളുകൾ വരെ തുറക്കുന്നു'; ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകാത്തതിനെതിരെ ഹോട്ടലുടമകൾ
text_fieldsകൊച്ചി: ചെറിയ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ വരെ തുറക്കാനിരിക്കെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകാത്തതിനെതിരെ ഹോട്ടലുടമകൾ രംഗത്ത്. മറ്റെല്ലാ പൊതുസ്ഥലങ്ങളും തുറന്നിട്ടും കോവിഡ്മൂലം പ്രതിസന്ധിയിലായ തങ്ങളെ വീണ്ടും വീണ്ടും നിരാശപ്പെടുത്തുന്നതാണ് സർക്കാർ തീരുമാനമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) നേതാക്കൾ കുറ്റപ്പെടുത്തി.
ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി ഉടൻ നൽകുമെന്ന പ്രതീക്ഷയിൽ നാളുകളായി കാത്തിരുന്ന ഹോട്ടലുകാരെ നിരാശയുടെ പടുകുഴിയിലേക്കാണ് കഴിഞ്ഞ ദിവസത്തെ കോവിഡ് അവലോകന യോഗത്തിലെടുത്ത തീരുമാനം എത്തിച്ചത്. തീരുമാനം പുനഃപരിശോധിക്കുകയും ഡൈൻ ഇൻ അനുവദിക്കുകയും വേണമെന്നാവശ്യപ്പെട്ട് കെ.എച്ച്.ആർ.എ ബുധനാഴ്ച സെക്രേട്ടറിയേറ്റ് ധർണ നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് മൊയ്തീൻകുട്ടി ഹാജി പറഞ്ഞു.
ഭക്ഷണം വാങ്ങി ഹോട്ടലിന് പുറത്തെവിടെയെങ്കിലും കഷ്ടപ്പെട്ട് ഇരുന്നോ വാഹനങ്ങളിലിരുന്നോ ഒക്കെ കഴിക്കേണ്ട ഗതികേടിലാണ് ആളുകൾ. പാർസൽ സർവിസോ ഓൺലൈൻ ഡെലിവറിയോ ഇല്ലാതെ ആളുകൾ ഇരുന്നുമാത്രം കഴിക്കുന്ന നിരവധി ഹോട്ടലുകൾ സംസ്ഥാനത്തുണ്ട്. ഇവരെല്ലാവരും മാസങ്ങളായി കടുത്ത പ്രതിസന്ധിയിലാണ്.
ഇതിനിടെ, ഗ്രാമീണമേഖലകളിലും വലിയ തിരക്കില്ലാത്ത ഇടങ്ങളിലുമെല്ലാം അനൗദ്യോഗികമായി ഡൈൻ ഇൻ നടത്തുന്നുണ്ട്. പൊലീസുകാരും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാനുഷികപരിഗണന വെച്ച് കണ്ണടക്കുന്നതുമൂലമാണ് ചിലയിടങ്ങളിലെങ്കിലും അകത്തിരുന്ന് കഴിക്കാൻ സാധ്യമാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.