കൊടുങ്ങല്ലൂരിൽ മുന്നോട്ടുപോക്കും കൊഴിഞ്ഞുപോക്കും
text_fieldsകൊടുങ്ങല്ലൂർ: പുതിയകാല ഭക്ഷണ സംസ്കാരത്തിന്റെ ചുവട് പിടിച്ച് ഉയർന്ന് വന്ന ഭക്ഷണശാലകളിൽ നന്നായി മുന്നോട്ട് പോകുന്നവയും കൊഴിഞ്ഞ് പോയവയും കാണാം കൊടുങ്ങല്ലൂർ മേഖലയിൽ. യുവാക്കൾ ഹോട്ടൽ രംഗത്തേക്ക് കടന്നുവരുന്നത് ഒരു പ്രത്യേകതയാണ്.
ഇടക്കാലത്ത് നിർത്തി പോകുന്നവരിലേറെയും ഇത്തരക്കാരാണ് താനും. വിവിധ കാറ്റഗറിയിലെ നിരവധി ഭക്ഷണശാലകളുണ്ട് കൊടുങ്ങല്ലൂർ മേഖലയിൽ. എന്നാൽ ഇവരിൽ 60 ഓളം ഉടമകളുടെ അംഗത്വം ഉണ്ടായിരുന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ കൊടുങ്ങല്ലൂർ യൂണിറ്റിൽ ഇപ്പോൾ സജീവാംഗങ്ങൾ 45നടുത്താണ്.
ബാക്കിയുള്ളവരിൽ ഭൂരിഭാഗവും ലാഭകരമല്ലാതായതോടെ നിർത്തിയവരാണ്. കൊടുങ്ങല്ലൂരിൽ 10 മുതൽ 15 രൂപ വരെയുള്ള ചായ കുടിക്കാം. ഏറെക്കുറെ ഇതേ രീതിയിലാണ് പൊറോട്ടയുടെ വിലയും. സാധരണ ഊണ് 60 ൽ തുടങ്ങി 90 വരെയുണ്ട്. ബിരിയാണിയാകട്ടെ 130 മുതൽ 180 വരെ വരും. കുഴിമന്തി 600 ഫുൾ മുതൽ വാങ്ങാം.
അൽഫാഹം ശരാശരി 350 ൽ തുടങ്ങുന്നു. വൈവിധ്യമാർന്ന ചായകളും ലഘുഭക്ഷണവും വിറ്റഴിച്ച് ഗുണഭോക്താക്കളെ ആകർഷിക്കുന്നവരുണ്ട്. നാടൻ വിഭവങ്ങളുമായി കച്ചവടം പിടിക്കുന്നവരും കുറവല്ല.
വിലക്കയറ്റമാണ് ഹോട്ടുകാർ നേരിടുന്ന മുഖ്യ പ്രശ്നങ്ങളിലൊന്ന്. വില കയറുന്നതിനനുസരിച്ച് വിഭവങ്ങളുടെ വില കൂട്ടിയാൽ ഗുണഭോക്താക്കൾക്ക് ഇഷ്ടപ്പെടില്ലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. പാചകക്കാർ സ്ഥിരമായി നിൽക്കാത്തതും ഇടക്കിടെ കൂലി കൂടുതൽ ആവശ്യപ്പെടുന്നതും മറ്റൊരു പ്രശ്നമാണ്.
കാര്യമായ നിയമങ്ങളൊന്നും പാലിക്കാതെ തടുകടങ്ങളും മറ്റും നിർബാധം പെരുകുമ്പോൾ എല്ലാം നിയമങ്ങളും പാലിച്ച് ഹോട്ടൽ വ്യവസായം നടത്തുന്നവർക്ക് മേൽ സർക്കാർ സംവിധാനങ്ങൾ വീണ്ടും ഓരോന്ന് അടിച്ചേൽപ്പിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുന്നതായി ഈ രംഗത്തുള്ളവർ കുറ്റപ്പെടുത്തുന്നു.
20 സീറ്റിൽ കൂടുതലുള്ള ഹോട്ടുകാർക്ക് ലൈസൻസ്ൻ കിട്ടാൻ പൊലൂഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണിപ്പോൾ. ഇതിനായി പ്രത്യേകം മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കണമെന്നാണ് നിബന്ധന. ഇതിന് സ്ഥലസൗകര്യവും പണവും ഇല്ലാത്തവർ ഹോട്ടൽ നിർത്തേണ്ട അവസ്ഥയിലാണിപ്പോൾ.
ഇതോടെ എത്രയോ കുടുംബങ്ങൾക്കാണ് ജീവിത മാർഗം വഴിമുട്ടുന്നത്. ഇത്തരം നിബന്ധനകളിൽ നിന്ന് നിലവിൽ ഹോട്ടലുകാരെ ഒഴിവാക്കുന്നത് ഉൾപ്പെടെ ഹോട്ടൽ വ്യവസായ രംഗത്തോട് അനുഭാവപൂർവമായ സമീപനം സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കെ.എച്ച്.ആർ.എ കൊടുങ്ങല്ലൂർ യൂനിറ്റ് സെക്രട്ടറി കെ.കെ. നവാസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.