നല്ല ഭക്ഷണവും പാർക്കിങ് സ്ഥലവും ലഭ്യമാക്കുന്ന ഹോട്ടലുകളെ ദീർഘദൂര ബസ് സ്റ്റേഷനുകളാക്കും -മന്ത്രി ഗണേഷ് കുമാർ
text_fieldsആലുവ: ദീർഘദൂര ബസ് യാത്രകളിൽ യാത്രാ സൗകര്യങ്ങൾക്കൊപ്പം, സമയനിഷ്ഠ, നല്ല ഭക്ഷണം എന്നിവ പ്രധാനമാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കൊല്ലത്ത് നിന്നും രാജഗിരി ആശുപത്രി വഴി പെരുമ്പാവൂരിലേക്ക് ആരംഭിച്ച കെ.എസ്.ആർ.ടി.സി ബസ് സർവിസ് ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല ഭക്ഷണം, വാഹന പാർക്കിങ്, ടോയ്ലെറ്റ് സൗകര്യം എന്നിവ ഒരുക്കാൻ കഴിയുന്ന ഹോട്ടലുകളെ, ഉടമകളുടെ അപേക്ഷ പരിഗണിച്ച് ദീർഘദൂര ബസ് യാത്ര സ്റ്റേഷനുകളാക്കുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് ജില്ലയിൽ നിന്നും പുതുതായൊരു സർവ്വീസ് ആരംഭിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, എടത്തല പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ലിജി, പഞ്ചായത്ത് അംഗം എൻ.എച്ച്. ഷബീർ, രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിളളി, മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം, ട്രാൻസ്പ്ലാന്റ് സർജൻ ഡോ. ബിജു ചന്ദ്രൻ, കെ.എസ്.ആർ.ടി.സി ചീഫ് ട്രാഫിക് ഓഫിസർ കെ.പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
പെരുമ്പാവൂരിൽ നിന്നും ദിവസവും വൈകീട്ട് 4.20ന് പുറപ്പെടുന്ന കൊല്ലം ഫാസ്റ്റ് പാസഞ്ചർ 4.45ന് രാജഗിരിയിൽ എത്തി വൈറ്റില, ആലപ്പുഴ വഴി രാത്രി 10.05ന് കൊല്ലത്തെത്തും. തിരികെ പുലർച്ചെ അഞ്ചിന് കൊല്ലത്തു നിന്ന് ആരംഭിച്ച് രാവിലെ 9.55 ന് രാജഗിരി ആശുപത്രിയിൽ എത്തിച്ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.