ഹോട്ട്സ്പോട്ട്: തൃപ്പൂണിത്തുറയിൽ തീക്കാറ്റ്
text_fieldsകൊച്ചി രാജ്യത്തിെൻറ ആസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയുടെ ചരിത്രം അനവധി ഗതിവിഗതികള്‍ നിറഞ്ഞതാണ്. ആറുതവണ വീതം എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും പിന്തുണച്ച മണ്ഡലം. 1967 മുതൽ 1987 വരെ മൂന്നുമുതൽ ഏഴു വരെയുള്ള നിയമസഭകളിൽ സി.പി.എം, കോൺഗ്രസ് പ്രതിനിധികൾ മാറിമാറിയാണ് വിജയിച്ചത്. എന്നാൽ, 1991ൽ യു.ഡി.എഫ് സ്ഥാനാർഥിയായി കെ. ബാബു വിജയിച്ചതോടെ ഈ മണ്ഡലത്തിെൻറ ഗതി മാറി.
1991ല്‍ കെ. ബാബു സി.പി.എം നേതാവ് എം.എം. ലോറന്‍സിനെ തോൽപിച്ചു. പിന്നീട് 2011 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ബാബുവിന് സ്വന്തമായിരുന്നു തൃപ്പൂണിത്തുറ. തുടര്‍ച്ചയായി അഞ്ചുതവണ ബാബു അത്ഭുത വിജയം നേടി. 2016ലെ തെരഞ്ഞെടുപ്പിലാണ് സി.പി.എമ്മിലെ എം. സ്വരാജ് മണ്ഡലം തിരികെ പിടിച്ചത്. 62,697 വോട്ടുകളാണ് എം. സ്വരാജിന് ലഭിച്ചത്. 58,230 വോട്ട് കെ. ബാബുവിനും ലഭിച്ചു. എം. സ്വരാജ് 4467 വോട്ടിനാണ് ബാബുവിനെ പരാജയപ്പെടുത്തിയത്.
മൂന്നാമതെത്തിയ ബി.ജെ.പി സ്ഥാനാർഥി പ്രഫ. തുറവൂർ വിശ്വംഭരന് 29,843 വോട്ട് ലഭിച്ചു. വിശ്വംഭരന് തുണയായത് മഹാരാജാസ് കോളജിലെ ശിഷ്യസമ്പത്തും ബി.ഡി.ജെ.എസിെൻറ സ്വാധീനവുമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഇത്തവണയും മികച്ച പ്രതിച്ഛായയുള്ള സ്വരാജിന് ജയിച്ചുകയറാമെന്നാണ് എൽ.ഡി.എഫിെൻറ പ്രതീക്ഷ. എം.എൽ.എ എന്ന നിലയിൽ മണ്ഡലത്തിൽ എല്ലാവിഷയങ്ങളിലും സ്വരാജ് ഇടപെട്ടിരുന്നു. നിയമസഭയിൽ ശക്തമായ ഭാഷയിൽ യുക്തിഭദ്രമായി വിഷയങ്ങൾ അവതരിപ്പിക്കുന്നതിൽ മുന്നിലായിരുന്നു സ്വരാജ്. വായനയിലും എഴുത്തിലും പ്രവർത്തനത്തിലും മുന്നിൽനിൽക്കുന്ന അദ്ദേഹത്തെ തൃപ്പൂണിത്തുറയിലെ ജനങ്ങൾ കൈവിടില്ലെന്നാണ് ഇടതുപക്ഷത്തിെൻറ ഉറച്ചവിശ്വാസം.
അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാബുവിന് തിരിച്ചടിയായത് ബാർകോഴ ആരോപണമായിരുന്നു. അതിന് മുഖ്യമന്ത്രി പിണറായി വിജയെൻറ കീഴിലുള്ള വിജിലൻസ് ബാബുവിന് ക്ലീൻ ചിറ്റും നൽകി. കെ.എം. മാണിയുടെ മകൻ എൽ.ഡി.എഫിെൻറയും ഭാഗമായി. ഇതെല്ലാം ബാബുവിന് പുതിയ അനുഗ്രഹമാണ്.
ഇത്തവണത്തെ എൻ.ഡി.എ സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണെൻറ പ്രചാരണത്തിന് വൻ വേലിയേറ്റം സൃഷ്ടിക്കാനാണ് കേന്ദ്രമന്ത്രി അമിത് ഷാ തൃപ്പൂണിത്തുറയിലെത്തി റോഡ് ഷോ നടത്തിയത്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രഫ. തുറവൂർ വിശ്വംഭരന് ലഭിച്ച വോട്ട് രാധാകൃഷ്ണന് ലഭിക്കാനിടയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എൻ.ഡി.എ പിടിക്കുന്ന വോട്ടായിരിക്കും തൃപ്പൂണിത്തുറയുടെ വിധി നിശ്ചയിക്കുക.
2016ലെ നിയമസഭ
അഡ്വ. എം. സ്വരാജ്
(എൽ.ഡി.എഫ്)- 62,697
കെ. ബാബു
(യു.ഡി.എഫ്) - 58,230
തുറവൂർ വിശ്വംഭരൻ
(എൻ.ഡി.എ)-29,843
2019ലെ ലോക്സഭ
യു.ഡി.എഫ്- 71,631
എൽ.ഡി.എഫ്- 52,404
എൻ.ഡി.എ- 25,304
2020ലെ തദ്ദേശം
യു.ഡി.എഫ്- 51,567
എൽ.ഡി.എഫ്- 57,577
എൻ.ഡി.എ- 23,918
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.