ഹോട്ട്സ്പോട്ട്: ഇവിടത്തെ കാറ്റാണ് കാറ്റ്
text_fieldsതൊടുപുഴ: ഇടുക്കി ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് ആവേശത്തിെൻറ മലയോരക്കാറ്റിന് ശക്തി കൂടുതൽ ഇടുക്കിയിലാണ്.
യു.ഡി.എഫിനും എൽ.ഡി.എഫിനും ഇതൊരു പതിവില്ലാത്ത പരീക്ഷണം. യു.ഡി.എഫിന് ആധിപത്യമുള്ള മണ്ഡലത്തിന് ഇങ്ങനെയൊരു മത്സരം അപരിചിതം. അതുകൊണ്ടാണ് ഭൂപതിവ് ചട്ടത്തിനും പട്ടയത്തിനും സുഗന്ധവ്യഞ്ജനങ്ങളുടെ വിലയിടിവിനുമൊപ്പം രാഷ്ട്രീയത്തിെൻറ കൗതുക സമവാക്യങ്ങൾ കൂടി ഇവിടെ ചർച്ചയാകുന്നത്.
വേർപിരിഞ്ഞ ജോസ് കെ. മാണിയുടെയും പി.ജെ. ജോസഫിെൻറയും പക്ഷങ്ങൾ സംസ്ഥാനത്ത് നേർക്കുനേർ ഏറ്റുമുട്ടുന്ന നാലു മണ്ഡലങ്ങളിൽ ഒന്നാണ് ഇടുക്കി.
സ്ഥാനാർഥികൾ 2016ൽ മത്സരിച്ച റോഷി അഗസ്റ്റിനും അഡ്വ. കെ. ഫ്രാൻസിസ് ജോർജും തന്നെ. പക്ഷേ, അന്ന് റോഷി കേരള കോൺഗ്രസ് എമ്മിെൻറ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നെങ്കിൽ ഇന്ന് മത്സരിക്കുന്നത് എൽ.ഡി.എഫിനു വേണ്ടിയാണ്.
ഫ്രാൻസിസ് ജോർജ് ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധിയായി അന്നിറങ്ങിയത് എൽ.ഡി.എഫിന് വേണ്ടിയെങ്കിൽ ഇന്ന് പോരാട്ടം ജോസഫിെൻറ പാർട്ടിയുെട സ്ഥാനാർഥിയായി യു.ഡി.എഫിൽ. ഇൗ കളംമാറ്റം തന്നെയാണ് ഇടുക്കിയിലെ മത്സരത്തെ ശ്രദ്ധേയമാക്കുന്നതും.
1977ൽ മണ്ഡലം നിലവിൽവന്ന ശേഷം ഇതുവരെ നടന്നത് പത്ത് തെരഞ്ഞെടുപ്പുകൾ. ഒമ്പതു തവണയും വിജയം യു.ഡി.എഫിനൊപ്പം. ഇതിൽ ആറു തവണ കേരള കോൺഗ്രസും മൂന്നു തവണ കോൺഗ്രസും. 1996ൽ ജനതാദൾ സ്ഥാനാർഥിയായി മത്സരിച്ച നിലവിലെ കോൺഗ്രസ് നേതാവ് പി.പി. സുലൈമാൻ റാവുത്തറാണ് എൽ.ഡി.എഫിന് ഏക ആശ്വാസ വിജയം സമ്മാനിച്ചത്.
2001 മുതൽ തുടർച്ചയായി നാലു തവണ വിജയിച്ച റോഷിയുടെ അഞ്ചാമങ്കം എൽ.ഡി.എഫ് വേഷത്തിലായി. മുന്നണി മാറിയെങ്കിലും രാഷ്്ട്രീയത്തിനതീതമായി മണ്ഡലത്തിൽ വളർത്തിയെടുത്ത വ്യക്തിബന്ധങ്ങളും കഴിഞ്ഞ 20 വർഷം എം.എൽ.എ എന്ന നിലയിൽ നടത്തിയ വികസനപ്രവർത്തനങ്ങളും ഇത്തവണയും തുണക്കുമെന്ന് റോഷി പറയുന്നു. മണ്ഡലത്തിൽ എക്കാലവും സജീവ സാന്നിധ്യമാകാനും റോഷിക്ക് കഴിഞ്ഞിട്ടുണ്ട്.
മുന്നണിയുടെ പിൻബലത്തിലാണ് ഫ്രാൻസിസ് ജോർജിെൻറ പ്രതീക്ഷ. നാലു തവണ റോഷിയടക്കം മണ്ഡലത്തിൽനിന്ന് ഒമ്പതു പേരും നിയമസഭയിലെത്തിയത് യു.ഡി.എഫിലൂടെയാണ്. ഇടുക്കിയിൽനിന്ന് രണ്ടു തവണ ലോക്സഭാംഗമായ ഫ്രാൻസിസിന് മണ്ഡലം അപരിചിതമല്ല.
യു.ഡി.എഫ് പിന്തുണ കൂടിയാകുേമ്പാൾ വിജയം സുനിശ്ചിതമെന്ന് അദ്ദേഹം ഉറപ്പിക്കുന്നു. 2016ൽ ഫ്രാൻസിസ് ജോർജിനോട് മത്സരിച്ചപ്പോൾ റോഷിയുടെ ഭൂരിപക്ഷം 2011ലെ 15,806ൽ നിന്ന് 9333 ആയി കുറഞ്ഞിരുന്നു. എൻ.ഡി.എയിൽ ബി.ഡി.ജെ.എസിനാണ് ഇത്തവണയും സീറ്റ്. കഴിഞ്ഞതവണ മത്സരിച്ച ബിജു മാധവൻ 27,403 വോട്ട് നേടിയിരുന്നു.
വോട്ട് വിഹിതം വർധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇത്തവണ മത്സരിക്കുന്ന എസ്.എൻ.ഡി.പി കേന്ദ്ര വനിത സംഘം സെക്രട്ടറിയും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡൻറുമായ സംഗീത വിശ്വനാഥൻ.
പട്ടയപ്രശ്നവും പട്ടയഭൂമിയിലെ നിർമാണ നിരോധനവും കാർഷികോൽപന്നങ്ങളുടെ വിലയിടിവുമൊക്കെ തന്നെയാണ് ഇത്തവണയും മണ്ഡലത്തിലെ പ്രധാന ചർച്ചാ വിഷയങ്ങൾ. ക്രൈസ്തവ, ഇൗഴവ, എൻ.എസ്.എസ് വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ ഇൗ വിഭാഗങ്ങളുടെ നിലപാടും പ്രധാനമാണ്. ഹൈേറഞ്ച് സംരക്ഷണ സമിതിയുടെ നിഷ്പക്ഷ നിലപാട് ആരെ തുണക്കുമെന്നതും കണ്ടറിയണം.
എന്തായാലും ഇടുക്കിയിൽ ജയിച്ചുകയറാൻ ഇരു മുന്നണികൾക്കും മുൻ തെരഞ്ഞെടുപ്പുകളേക്കാൾ അധ്വാനിക്കേണ്ടിവരും.
2016 നിയമസഭ
റോഷി അഗസ്റ്റിൻ
(കേരള കോൺഗ്രസ് എം- യു.ഡി.എഫ്)- 60,556
ഫ്രാൻസിസ് ജോർജ് (ജനാധിപത്യ
കേരള കോൺഗ്രസ്-എൽ.ഡി.എഫ്) 51,223
ബിജു മാധവൻ
(ബി.ഡി.ജെ.എസ്-എൻ.ഡി.എ) 27,403
ഭൂരിപക്ഷം: 9333
2019 ലോക്സഭ
യു.ഡി.എഫ് 71,218
എൽ.ഡി.എഫ് 50,290
ബി.ജെ.പി 10,891
ഭൂരിപക്ഷം 20,928
2020 തദ്ദേശം
എൽ.ഡി.എഫ് 59,312
യു.ഡി.എഫ് 57,114
എൻ.ഡി.എ 12615
ഭൂരിപക്ഷം 2198
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.