ഗാർഹിക പീഡനക്കേസ്: വനിത കമീഷൻ സുപ്രീംകോടതിയിൽ കക്ഷി ചേരും
text_fieldsതിരുവനന്തപുരം: ഗാർഹിക പീഡനക്കേസുകളിൽ ഉടനടി അറസ്റ്റ് തടയുന്ന സുപ്രീംകോടതി വിധി സ്ത്രീകളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ, സുപ്രീംകോടതിയിൽ നിലവിലെ കേസിൽ കക്ഷിചേരുമെന്ന് കേരള വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. വി.ജെ.ടി ഹാളിൽ കമീഷൻ സംഘടിപ്പിച്ച ഓപൺ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഓപൺ ഫോറത്തിന് മുന്നോടിയായി നടന്ന സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്യവെ ഗവർണർ പി. സദാശിവം വനിത കമീഷന് നിലവിലെ കേസിൽ കക്ഷിചേരാമെന്ന നിർദേശം മുന്നോട്ടുവെച്ചിരുന്നു.
ഓപൺ ഫോറത്തിൽ സുപ്രീംകോടതി അഭിഭാഷക കീർത്തി സിങ് മുഖ്യപ്രഭാഷണം നടത്തി. ഗാർഹിക പീഡനക്കേസുകളിൽ പല കാരണങ്ങളാൽ പ്രതികൾ ശിക്ഷിക്കപ്പെടുന്ന സാഹചര്യം കുറവാണ്. എന്നാൽ, വസ്തുതകൾ പരിഗണിക്കാതെ സ്ത്രീകൾ നിയമം ദുരുപയോഗം ചെയ്യുകയാണെന്ന വിലയിരുത്തലാണ് കോടതി സ്വീകരിച്ചത്. ഇതിനെതിരെ വനിത സംഘടനകൾ നിയമപോരാട്ടം നടത്തണമെന്ന് അവർ അഭിപ്രായപ്പെട്ടു. ശാരീരിക പീഡനത്തിെൻറ വ്യക്തമായ അടയാളങ്ങൾ ഉണ്ടെങ്കിൽ മാത്രമേ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാനാകൂ എന്നതാണ് കോടതി വിധിയെത്തുടർന്നുള്ള സ്ഥിതി.
ജില്ലതലത്തിൽ രൂപവത്കരിക്കുന്ന വെൽഫെയർ കമ്മിറ്റി പരാതി പരിഗണിച്ച് ശരിയെന്ന് ബോധ്യപ്പെടുന്ന കേസുകളിലേ അറസ്റ്റ് നടത്താവൂ എന്നാണ് മാർഗനിർദേശം. പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതാണ് ഇതിലൂടെ ഒരുക്കപ്പെട്ടിരിക്കുന്നതെന്നും കീർത്തി സിങ് ചൂണ്ടിക്കാട്ടി. വനിത കമീഷൻ അംഗങ്ങളായ ഇ.എം. രാധ, ഷിജി ശിവജി എന്നിവർ ചർച്ച നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.