കനത്തമഴയിൽ സംരക്ഷണഭിത്തി വീടിന് മുകളിലേക്കുവീണ് മാതാവും രണ്ട് മക്കളും മരിച്ചു
text_fieldsനെടുമങ്ങാട്: കനത്തമഴയിൽ കോൺക്രീറ്റ് സംരക്ഷണഭിത്തിയും വീടും മറ്റൊരുവീടിന് മുകളിലേക്കുവീണ് മാതാവും രണ്ട് കുട്ടികളും മരിച്ചു. നെടുമങ്ങാട് ചെക്കക്കോണം മുളമുക്ക് ആലുംമൂട് ചെമ്പകശ്ശേരിയിൽ വാടകക്ക് താമസിക്കുന്ന സലിം-നുസൈഫ ദമ്പതികളുടെ മകളും ഷിഹാബുദ്ദീെൻറ ഭാര്യയുമായ സജ്ന (26), മക്കളായ ഷബാന (മൂന്ന്), ആറുമാസം പ്രായമുള്ള മുഹമ്മദ് ഷഹിൻ എന്നിവരാണ് മരിച്ചത്. മൂത്തമകൻ ഷിഫാൻ (അഞ്ച്) പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകീട്ട് 4.30ഒാടെയാണ് അപകടമുണ്ടായത്. ഇവർ താമസിക്കുന്ന വീടിനോട് ചേർന്നുള്ള കോൺക്രീറ്റ് സംരക്ഷണഭിത്തി ഇടിഞ്ഞുവീണതിന് പിന്നാലെ തൊട്ടുമുകളിലുള്ള ഹോളോബ്രിക്സ് കെട്ടിയ അൻസാരിയുടെ വീടിെൻറ പകുതിഭാഗവും ഇടിഞ്ഞുവീണു. മുകളിലെ വീടും കോൺക്രീറ്റ് ഭിത്തിയും പാളിയായി സജ്നയും മക്കളുമുണ്ടായിരുന്ന വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. ചുമര് വീണതോടെ സജ്നയുടെ വീട് പൂർണമായും തകർന്നു. അമ്മയും മക്കളും അതിനുള്ളിലായി.
ഒാടിക്കൂടിയ നാട്ടുകാരും നെടുമങ്ങാട്ടു നിന്നെത്തിയ ഫയർഫോഴ്സ്, പൊലീസ് സംഘമാണ് മണ്ണിനടിയിൽ അകപ്പെട്ടവരെ പുറത്തെടുത്തത്. വീട്ടിലേക്കുള്ള വഴിസൗകര്യം കുറവായതിനാൽ രക്ഷാപ്രവർത്തനത്തിനും ബുദ്ധിമുട്ടായി. ഇവരുടെ വീടിെൻറ 500 മീറ്റർ ദൂരെവരെ മാത്രമേ വാഹനമെത്തുകയുള്ളൂ. അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്താൻ വൈകിയത് രക്ഷാപ്രവർത്തനം താമസിപ്പിച്ചു. കോരിച്ചൊരിയുന്ന മഴയത്ത് മണ്ണിനടിയിൽനിന്ന് വളരെ ബുദ്ധിമുട്ടിയാണ് ഓരോരുത്തരേയും പുറത്തെടുത്തത്.
എക്സ്കവേറ്റർ ഉപയോഗിച്ച് കോൺക്രീറ്റ് ഭിത്തി ഉയർത്തിയാണ് നാലുപേരെയും പുറത്തെത്തിച്ചത്. സജ്നയെ നെടുമങ്ങാട് ജില്ല ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഷബാനയും ഷഹിനും എസ്.എ.ടി ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് മരിച്ചത്. സജീനയുടെ മൃതദേഹം നെടുമങ്ങാട് ജില്ല ആശുപത്രിയിലും ശബാനയുടെ മൃതദേഹം എസ്.എ.ടി ആശുപത്രിയിലും ആറുമാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം പേരൂർക്കട ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.