എൻഡോസൾഫാൻ ദുരിതബാധിത വീടൊഴിയണമെന്ന് നോട്ടീസ്; പുല്ലൂർ വില്ലേജ് ഓഫിസറെ ഉപരോധിച്ചു
text_fieldsകാഞ്ഞങ്ങാട്: ഇരിയ കാഞ്ഞിരടുക്കത്ത് എൻഡോസൾഫാൻ ദുരിതബാധിത ശ്രീനിഷയോടും കുടുംബത്തോടും വീടൊഴിഞ്ഞുപോകാൻ ജില്ല ഭരണകൂടത്തിെൻറ നിർദേശ പ്രകാരം നോട്ടീസ് നൽകിയ വില്ലേജ് ഓഫിസറുടെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുല്ലൂർ വില്ലേജ് ഓഫിസറെ ഉപരോധിച്ചു.
സായ് ഗ്രാമത്തിൽ സത്യ സായ് ട്രസ്റ്റ് നിർമിച്ചു സർക്കാറിന് നൽകിയ 45 വീടുകളിൽ 23 വീടുകൾ ഇതുവരെയായി അർഹരായ ആളുകൾക്കു കൈമാറാത്ത ജില്ല ഭരണകൂടം ഇപ്പോൾ അർഹയായ ശ്രീനിഷയോടും കുടുംബത്തോടും പട്ടികയിൽ ഇല്ലെന്ന കാര്യം പറഞ്ഞ് വീടൊഴിയാൻ നോട്ടീസ് നൽകിയത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും നോട്ടീസ് ഉടൻ പിൻവലിച്ച് കുടുംബത്തിന് പട്ടയം ഉൾെപ്പടെ രേഖകൾ നൽകണമെന്നും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് പ്രദീപ്കുമാർ ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങൾ കലക്ടറുടെ ശ്രദ്ധയിൽപെടുത്തി അവരെ പട്ടികയിൽ ഉൾപ്പെടുത്തി അതേ വീട് നൽകാൻ നടപടി സ്വീകരിക്കാമെന്നും അതുവരെ നൽകിയ നോട്ടീസിന്മേൽ അനന്തര നടപടികൾ കൈക്കൊള്ളില്ലെന്നും വില്ലേജ് ഓഫിസർ നൽകിയ ഉറപ്പിന്മേൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം അവസാനിപ്പിച്ചു.
എൻഡോസൾഫാൻ ഇരകളോട് സർക്കാർ നീതിപൂർവമായി പെരുമാറണമെന്നും പുല്ലൂർ പെരിയയിലും എന്മകജെയിലും ഉൾെപ്പടെ നിർമിച്ച വീടുകൾ ഉടൻ ഇരകൾക്കു നൽകണമെന്നും സുപ്രീം കോടതി പറഞ്ഞ അഞ്ച് ലക്ഷം രൂപ മുഴുവൻ ഇരകൾക്കും ഉടൻ വിതരണം ചെയ്യണമെന്നും പ്രദീപ്കുമാർ ആവശ്യപ്പെട്ടു.
ജില്ല ഭാരവാഹികളായ കാർത്തികേയൻ പെരിയ, സത്യനാഥൻ പത്രവളപ്പിൽ, ഇസ്മായിൽ ചിത്താരി, അസംബ്ലി കമ്മിറ്റി പ്രസിഡൻറ് അനൂപ് കല്യോട്ട്, മണ്ഡലം പ്രസിഡൻറ് മനോജ് ചാലിങ്കാൽ, രാജേഷ് പുല്ലൂർ, റഷീദ് നാലക്ര തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.