വീട് പുറമ്പോക്ക് ഭൂമിയിൽ; ഏഴു ദിവസത്തിനകം ഒഴിയണമെന്ന് എസ്. രാജേന്ദ്രന് നോട്ടീസ്
text_fieldsതൊടുപുഴ: മൂന്നാർ ഇക്കാനഗറിലെ വീടും സ്ഥലവും ഒഴിയണമെന്ന് ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന് റവന്യൂ വകുപ്പിന്‍റെ നോട്ടീസ്. നടപടിക്ക് സ്റ്റേ വാങ്ങി എസ്. രാജേന്ദ്രന്‍. രാജേന്ദ്രന്‍റെയും ഭാര്യയുടെയും പേരിൽ ദേവികുളം താലൂക്കിലുള്ള എട്ട് സെന്‍റ് സ്ഥലവും വീടും പുറമ്പോക്കാണെന്നും ഏഴു ദിവസത്തിനകം ഒഴിയണമെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സ്വയം ഒഴിഞ്ഞില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കാന്‍ പൊലീസിന്‍റെ സഹായം തേടി ജില്ല പൊലീസ് മേധാവിക്ക് ദേവികുളം സബ് കലക്ടർ കത്തും നല്‍കിയിരുന്നു.
റവന്യൂ വകുപ്പ് നൽകിയ ഒഴിപ്പിക്കൽ നോട്ടീസിനെതിരെ രാജേന്ദ്രൻ സമർപ്പിച്ച ഹരജിയെ തുടർന്നാണ് നടപടി തടഞ്ഞ് ഉത്തരവിറങ്ങിയത്. ഇടക്കാല ഉത്തരവുണ്ടായതോടെ ഒഴിപ്പിക്കൽ നടപടികൾ ഉടനുണ്ടാകില്ലെന്ന് റവന്യൂ അധികൃതരും വ്യക്തമാക്കി. ഇക്കാനഗറിലെ 25 ഏക്കറോളം ഭൂമി വൈദ്യുതി വകുപ്പിന്‍റെയാണെന്നാണ് കെ.എസ്.ഇ.ബി അവകാശപ്പെടുന്നത്. ഇക്കാനഗര്‍ സ്വദേശിയായ ഒരാൾ ഭൂമി പതിച്ച് നല്‍കണമെന്ന ആവശ്യവുമായി ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രേഖകൾ ഹാജരാക്കാൻ ഇക്കാനഗറിലെ അറുപതോളം കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്. തനിക്ക് മാത്രമാണ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയതെന്നാണ് എസ്. രാജേന്ദ്രന്‍റെ ആരോപണം. അതേസമയം, മൂന്നാറിൽ രാജേന്ദ്രനെയെന്നല്ല ആരെയും കുടിയിറക്കാൻ അനുവദിക്കില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ് പ്രതികരിച്ചു.
നിയമപരമായി നേരിടും -രാജേന്ദ്രന്‍
നോട്ടീസിനെ നിയമപരമായി നേരിടുമെന്ന് എസ്. രാജേന്ദ്രന്‍ പറഞ്ഞു. തനിക്കെതിരെയുള്ള വേട്ടയാടലിന്‍റെ ഭാഗമാണ് നോട്ടീസ്. തന്‍റേത് പട്ടയഭൂമിയാണ്. സബ് കലക്ടർ ആരുടെയോ നിർദേശമനുസരിച്ച് പ്രവർത്തിക്കുകയാണ്. നീതി ബോധമില്ലാത്ത നടപടി ക്രമമാണ് ഇപ്പോൾ നടക്കുന്നത്. അദ്ദേഹത്തെ ഉപദേശിക്കുന്നവരുടെ ചിന്താഗതി ശരിയല്ല. താനടക്കം ഏതാനും പേരെ മാത്രം കൈയേറ്റക്കാരായി ചിത്രീകരിക്കുന്നതിൽ ദുരൂഹതയുണ്ട്.
അസംബന്ധം; പോക്രിത്തരം -എം.എം. മണി
നോട്ടീസ് കൊടുത്തതിന് പിന്നിൽ താനാണെന്ന് എസ്. രാജേന്ദ്രൻ പറയുന്നത് അസംബന്ധവും പോക്രിത്തരവുമാണ്. അത് തന്‍റെ പണിയല്ല. രാജേന്ദ്രൻ ഭൂമി കൈയേറിയതാണോ എന്ന് തീരുമാനിക്കേണ്ടത് റവന്യൂ വകുപ്പാണ്. പഴയ എം.എൽ.എ സ്ഥാനം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയോ എന്ന് അവരാണ് പരിശോധിക്കുക. കുടിക്കുന്ന വെള്ളത്തിൽ മോശം പണി കാണിച്ചയാളാണ് രാജേന്ദ്രൻ. രാജേന്ദ്രൻ പാർട്ടിയിലില്ലെന്ന് കരുതി ഇങ്ങനെ പ്രവർത്തിക്കുന്നതൊന്നും എം.എം. മണിയുടെ പണിയല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.